
കൊച്ചി പറവൂരിൽ കുടുംബവഴക്കിനെത്തുടർന്ന് മരുമകളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യ അനുപയെ (34) വാക്കത്തി കൊണ്ട് ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ അനുപ മുറിയിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ രാജൻ മുറിയിൽ കയറി മർദിക്കുകയും കഴുത്തിൽ വെട്ടുകയുമായിരുന്നു. കഴുത്തിന് പുറമെ മുഖത്തും ചെവിയുടെ ഭാഗത്തും അനുപയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അനുപയും ഭർത്താവ് ജിയേഷും തമ്മിൽ നിലനിൽക്കുന്ന കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കോടതി ഉത്തരവ് പ്രകാരമാണ് അനുപ ഈ വീട്ടിൽ താമസിച്ചുവരുന്നത്. സംഭവസമയത്ത് ഭർത്താവ് ജിയേഷും വീട്ടിലുണ്ടായിരുന്നു. അക്രമത്തിന് ശേഷം വീട്ടിൽ നിന്ന് തന്നെ പോലീസ് രാജനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറായി തുണ്ടത്തുംകടവ് സ്വദേശിനിയാണ് പരിക്കേറ്റ അനുപ.
The post ഫോണിൽ സംസാരിക്കുന്നതിനിടെ അക്രമം! മരുമകളെ വാക്കത്തികൊണ്ട് വെട്ടിയ വയോധികൻ അറസ്റ്റിൽ appeared first on Express Kerala.



