ഫോര്‍ട്ട് കൊച്ചി നിറയെ മുസ്ലിംകളാണ്. കേരളം അപകടത്തിലാണ്. മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയില്‍ ലിറ്റിചോക്കപ്പ് എന്ന ഇന്‍സ്റ്റഗ്രാം പേജിനെതിരെ യൂത്ത് ലീഗ് പരാതി നല്കി

Current: മലയാളം

കൊച്ചി: മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയില്‍ ലിറ്റിചോക്കപ്പ് എന്ന ഇന്‍സ്റ്റഗ്രാം പേജിനെതിരെ യൂത്ത് ലീഗ് പരാതി നല്കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. അമൃത് സിങ് എന്നയാളുടെ ഉടമസ്ഥയിലുള്ള ഇൻസ്റ്റഗ്രാം പേജിൽ നിന്ന് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ഫോര്‍ട്ട് കൊച്ചിയെ കുറിച്ച് അമൃത് സിങ് നടത്തിയ വിദ്വേഷ പരാമർശം വലിയ വിവാദമായിരുന്നു. ഫോര്‍ട്ട് കൊച്ചി നിറയെ മുസ്ലിംകളാണെന്നും കേരളം അപകടത്തിലാണെന്നുമായിരുന്നു വിദ്വേഷ പരാമര്‍ശം. ഇതിനെതിരെയാണ് യൂത്ത് ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എ ശുഹൈബ് പരാതി നല്‍കിയത്.
‘എല്ലാ വിഭാഗമാളുകളും തിങ്ങിപ്പാര്‍ക്കുന്ന, ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരാറുള്ള കൊച്ചിയിലെ മട്ടാഞ്ചേരി പ്രദേശത്തെ സംബന്ധിച്ചിടത്തോളം, മതസൗഹാര്‍ദത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നയാളുകളാണ്.
അത്തരത്തില്‍ കഴിയുന്നയാളുകള്ക്കെതിരെ നടത്തുന്ന പരാമര്‍ശം സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പടര്‍ത്താനുള്ള സാധ്യതയുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’. കെ.എ ശുഹൈബ് വ്യക്തമാക്കി.
ഫോര്‍ട്ട് കൊച്ചി നിറയെ മുസ്ലിംകളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്രം ഇടപെടണമെന്നും കഴിഞ്ഞ ദിവസമാണ് ലിറ്റിചോക്കപ്പ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്.
വീഡിയോ ചെയ്തതിന് ശേഷം തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനായിരിക്കുമെന്നും ഫോര്‍ട്ട് കൊച്ചിയെ കുറിച്ച് തനിക്ക് ഒരുപാട് പറയാനുണ്ടെന്നും വ്യക്തമാക്കിയാണ് അമൃത് സിങ് വീഡിയോ ആരംഭിക്കുന്നത്. ഇതിനെതിരെയാണ് യൂത്ത് ലീഗ് പരാതി നല്‍കിയിരിക്കുന്നത്.






