സര്‍ക്കാര്‍ അവഗണനയെന്ന് ആക്ഷേപം. സെക്രട്ടറിയേറ്റിനു മുന്പില് സ്വകാര്യ ബസ് സംഘടനാ നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്ണയുമുള്പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും അനുകൂല തീരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ലെന്നതില് പ്രതിഷേധിച്ചാണ് നിരാഹാര സമര മാര്‍ഗം തെരഞ്ഞെടുക്കുന്നത്

Current: മലയാളം

കോട്ടയം: പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി നടപ്പാക്കിയതിലൂടെ സംസ്ഥാനത്തെ സ്വകാര്യബസ് സര്‍വീസുകള്‍ പ്രതിസന്ധിയിലായെന്നും, വരുമാന നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു സ്വകാര്യ ബസ് സംഘടനാ നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.
പ്രവര്‍ത്തനച്ചെലവിനുള്ള വരുമാനം പോലും ലഭിക്കാത്ത അതീവ ഗുരുതരമായ സാഹചര്യത്തിലാണു സ്ത്രീ സൗജന്യയാത്രാ പദ്ധതി കൂടി നടപ്പാക്കിയതെന്നു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ പറയുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ഫെഡറേഷന് പ്രസിഡന്റ് കെ.കെ തോമസും വൈസ് പ്രസിഡന്റ് സി.മനോജ്കുമാറും 27 മുതല്‍ സെക്രട്ടറിയേറ്റിനു മുന്പില് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
പൊതുഗതാഗത മേഖലയിലെ ബസ് യാത്രാ നിരക്കുകള്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും, കെ.എസ്.ആര്.ടി.സിക്കു മാത്രമായി കിലോമീറ്ററിന് 30 രൂപയിലധികം സര്‍വീസ് സഹായം നല്‍കുകയും ചെയ്യുന്ന നയം സ്വകാര്യബസ് മേഖലയെ തകര്‍ച്ചയിലേക്കു നയിക്കുന്നതാണെന്നു സംഘടന കുറ്റപ്പെടുത്തി.
പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കുമ്പോള്‍ സ്വകാര്യബസുകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിച്ചുതരുമെന്നും പൊതുഗതാഗതം ശക്തമാക്കാന്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും, പദ്ധതി തുടങ്ങി നാലര മാസമായിട്ടും യാതൊരുവിധ തുടര്‍നടപടികളും ഉണ്ടായിട്ടില്ല.
സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്ണയുമുള്പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണു സമരത്തിലേക്കു കടക്കുന്നതെന്നു നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന 12,000-ത്തോളം സ്വകാര്യബസുകളില്‍ ഭൂരിഭാഗത്തിനും നിലവില്‍ ഇന്ധനച്ചെലവിനും ജീവനക്കാരുടെ വേതനത്തിനുമുള്ള വരുമാനം പോലും ലഭിക്കുന്നില്ല.
സ്വയംതൊഴില്‍ സംരംഭമായി ബസ് സര്‍വീസ് നടത്തി കുടുംബം പുലര്‍ത്തുന്ന 8,000-ത്തിലധികം ഉടമകളുടെയും, പ്രത്യക്ഷമായും പരോക്ഷമായും പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവനോപാധി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.






