loader image
ഭക്ഷണത്തേക്കാളും വ്യായാമത്തേക്കാളും പ്രധാനം ഉറക്കം; കുറഞ്ഞാൽ ആയുസ്സും കുറയുമെന്ന് പുതിയ പഠനം

ഭക്ഷണത്തേക്കാളും വ്യായാമത്തേക്കാളും പ്രധാനം ഉറക്കം; കുറഞ്ഞാൽ ആയുസ്സും കുറയുമെന്ന് പുതിയ പഠനം

ദീർഘായുസ്സും ആരോഗ്യവും നിലനിർത്താൻ ഭക്ഷണക്രമത്തിനും വ്യായാമത്തിനുമപ്പുറം ഉറക്കത്തിന് പരമപ്രധാനമായ പങ്കുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആന്റ് സയൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഏഴ് മണിക്കൂറിൽ കുറഞ്ഞ ഉറക്കം ആയുസ്സ് കുറയ്ക്കുമെന്ന് കണ്ടെത്തിയത്. പ്രശസ്തമായ ‘സ്ലീപ് അഡ്വാൻസ്’ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, പുകവലി കഴിഞ്ഞാൽ ആയുർദൈർഘ്യത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം ഉറക്കമാണെന്ന് അടിവരയിടുന്നു. 2019 മുതൽ 2025 വരെയുള്ള സി.ഡി.സി (CDC) സർവേ റിപ്പോർട്ടുകൾ വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

Also Read: കവചമെന്നു കരുതി കൂടെക്കൂട്ടിയത് വൈറസിനുള്ള വാതിലോ? മാസ്ക് മാറ്റാൻ സമയമായി!

ഉറക്കക്കുറവ് വെറുമൊരു ക്ഷീണമല്ല, മറിച്ച് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള വാതിലാണെന്ന് ഗവേഷണം മുന്നറിയിപ്പ് നൽകുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കാനും ഗാഢനിദ്ര അനിവാര്യമാണ്. ജീവിതശൈലീ ഘടകങ്ങളിൽ ഭക്ഷണത്തേക്കാളും സാമൂഹിക ഇടപെടലുകളേക്കാളും ആഴത്തിലുള്ള ബന്ധമാണ് ഉറക്കവും ആയുസ്സും തമ്മിലുള്ളതെന്ന് അസിസ്റ്റന്റ് പ്രൊഫസർ ആൻഡ്രൂ മക്ഹിൽ വ്യക്തമാക്കുന്നു. ഓരോ വ്യക്തിയും ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം നിർബന്ധമായും ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.

See also  തദ്ദേശ സ്ഥാപനങ്ങൾക്ക് വമ്പൻ പ്രഖ്യാപനങ്ങൾ! ജനപ്രതിനിധികളുടെ ഓണറേറിയം കൂട്ടി, മുൻ അംഗങ്ങൾക്ക് ക്ഷേമനിധി

നല്ല ഉറക്കത്തിനായി കൃത്യമായ ചിട്ടകൾ പാലിക്കണമെന്നും പഠനം നിർദ്ദേശിക്കുന്നുണ്ട്. ഉറക്കത്തെ സഹായിക്കുന്ന മെലാടോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ പ്രകാശം തടസ്സപ്പെടുത്തുന്നതിനാൽ ഇരുട്ടുള്ള മുറിയിൽ ഉറങ്ങാൻ ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുക്കാൽ മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. ചായ, കാപ്പി, കോള തുടങ്ങിയ പാനീയങ്ങൾ രാത്രിയിൽ ഒഴിവാക്കി പകരം ഇളം ചൂടുള്ള പാൽ കുടിക്കുന്നത് ഉറക്കം സുഗമമാക്കും. കൂടാതെ, രാത്രി വൈകി വെള്ളം കുടിക്കുന്നത് ഉറക്കം തടസ്സപ്പെടാൻ കാരണമാകുമെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണരീതിയും ഉറക്കത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിൽ പ്രധാനമാണ്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ദഹിക്കാൻ എളുപ്പമുള്ള ലഘുഭക്ഷണങ്ങളാണ് രാത്രിയിൽ ഉചിതം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അസിഡിറ്റി ഉണ്ടാക്കുന്ന തൈര്, പുളിയുള്ള പഴങ്ങൾ, മാംസാഹാരം എന്നിവ അത്താഴത്തിൽ നിന്ന് ഒഴിവാക്കുന്നത് നന്നായിരിക്കും. ഉറങ്ങുന്നതിന് മുൻപ് ലളിതമായ വായനയോ മൃദുവായ സംഗീതമോ ആസ്വദിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും ആഴത്തിലുള്ള നിദ്ര ലഭിക്കാനും സഹായിക്കുമെന്നും പഠനം കൂട്ടിച്ചേർക്കുന്നു.

The post ഭക്ഷണത്തേക്കാളും വ്യായാമത്തേക്കാളും പ്രധാനം ഉറക്കം; കുറഞ്ഞാൽ ആയുസ്സും കുറയുമെന്ന് പുതിയ പഠനം appeared first on Express Kerala.

See also  ഭീഷണി വെറുതെയായി, പാകിസ്ഥാൻ മുട്ടുമടക്കി! 320 കോടി പോയേക്കുമെന്ന് ഭയം; ഇന്ത്യയുമായുള്ള പോരാട്ടത്തിന് തയ്യാർ
Spread the love

New Report

Close