കുവൈത്ത് വിമാനത്താവള ഫീസുകൾ ഇനി ടിക്കറ്റിൽ വ്യക്തമായി രേഖപ്പെടുത്തണം; ഡി.ജി.സി.എ സർക്കുലർ ഇറക്കി

Current: മലയാളം

കുവൈത്ത്: വിമാന ടിക്കറ്റുകളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സർവീസ് നിരക്കുകൾ കൃത്യമായി തരംതിരിച്ച് രേഖപ്പെടുത്തണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ നിർദേശം നൽകി.
കുവൈത്തിൽ സർവീസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും ട്രാവൽ ഏജൻസികൾക്കുമായി ഡി.ജി.സി.എ ഇത് സംബന്ധിച്ച് സർക്കുലർ (നമ്പർ 58/2026) പുറപ്പെടുവിച്ചു.
യാത്രക്കാർ നൽകുന്ന തുകയെക്കുറിച്ചുള്ള സുതാര്യത ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടി. ടിക്കറ്റ് തുകയിൽ വിമാനത്താവള ഫീസുകൾ പ്രത്യേകം കാണിക്കുന്നതിലൂടെ യാത്രക്കാർക്ക് തങ്ങൾ എന്തിനാണ് പണം നൽകുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
ഈ ഫീസുകൾ എല്ലാം പുതുതായി ഏർപ്പെടുത്തിയതല്ലെന്നും, മുൻപേ നിലവിലുള്ളതും അടുത്തിടെ പുതുക്കിയതുമായ ചാർജുകൾ കൃത്യമായി വേർതിരിച്ച് കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഡി.ജി.സി.എ വക്താവ് അബ്ദുല്ല അൽ-രാജ്ഹി വ്യക്തമാക്കി.
ടിക്കറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന നിരക്കുകൾ:
* പാസഞ്ചർ ബാഗേജ് സ്കെയിൽ ഫീ: 1 കുവൈത്തി ദിനാർ
* ഡിപ്പാർച്ചർ ഫീ (പുറപ്പെടൽ നിരക്ക്): 3 കുവൈത്തി ദിനാർ
* അറൈവൽ ഫീ (എത്തിച്ചേരൽ നിരക്ക്): 2 കുവൈത്തി ദിനാർ
* പാസഞ്ചർ ട്രാൻസിറ്റ് ഫീ: 1 കുവൈത്തി ദിനാർ
* എയർപോർട്ട് ഡിപ്പാർച്ചർ ടാക്സ്: 2 കുവൈത്തി ദിനാർ
* പാസഞ്ചർ രജിസ്ട്രേഷൻ സിസ്റ്റം ഫീ: പുറപ്പെടുന്ന യാത്രക്കാർക്കും ട്രാൻസ്ഫർ യാത്രക്കാർക്കും 620 ഫിൽസ്; ട്രാൻസിറ്റ് യാത്രക്കാർക്ക് 310 ഫിൽസ്
* അഡ്വാൻസ് പാസഞ്ചർ ഇൻഫർമേഷൻ (ബോർഡർ സെക്യൂരിറ്റി) ഫീ: 620 ഫിൽസ്
ഈ നിരക്കുകൾ എല്ലാം ചേർത്ത് ആകെ ഏകദേശം 10 കുവൈത്തി ദിനാർ ആണ് ഒരു ടിക്കറ്റിൽ വിമാനത്താവള നിരക്കുകളായി വരുന്നത്.
വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശങ്ങൾ എല്ലാ എയർലൈനുകളും ട്രാവൽ ഏജൻസികളും കർശനമായി പാലിക്കണമെന്നും, വീഴ്ച വരുത്തുന്നവരെ തർക്ക പരിഹാര സമിതിക്ക് മുന്നിൽ വിചാരണ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






