കർഷകർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും രാഹുലിന്റെ ക്ഷണം, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ ഇന്ത്യ മുന്നണി

Current: മലയാളം

ഡൽഹി: നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന വോട്ട് കൊള്ളക്കെതിരെയുള്ള റാലിയിൽ പങ്കെടുക്കാൻ കർഷകരെയും വിദ്യാർത്ഥികളെയും സ്ത്രീകളെയും ക്ഷണിച്ച് രാഹുൽ ഗാന്ധി.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ രാജ്യം ശക്തമായി പ്രതികരിക്കുമെന്നും വോട്ട് കൊള്ള നടത്തുന്നവരെ അധികാരത്തില്‍ നിന്ന് ജനങ്ങൾ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ട് കൊള്ളയ്ക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടത്തിൽ കർഷകരും യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
തങ്ങളുടെ പ്രതിഷേധ പരിപാടിക്ക് വലിയ പ്രചാരണവും പരസ്യവും സൗജന്യമായി നൽകുന്ന ബിജെപിക്കും മാധ്യമങ്ങൾക്കും രാഹുൽ ഗാന്ധി പരിഹാസരൂപേണ നന്ദി അറിയിച്ചു.
എന്നാൽ നവംബർ ഒന്നിന് റാലി നടത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
1984-ലെ സിഖ് വിരുദ്ധ കലാപം ആരംഭിച്ച ദിനത്തിൽ റാലി സംഘടിപ്പിക്കുന്നത് സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനാണെന്ന് ബിജെപി മുതിർന്ന നേതാവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.
ദീപാവലി, ധൻതേരസ് ഉത്സവ സീസൺ പ്രമാണിച്ച് റാലി മാറ്റിവെക്കണമെന്ന് ദില്ലിയിലെ വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രിയും കോൺഗ്രസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.






