മത്സര വള്ളം കളികൾക്കിടെ ചെറു വള്ളങ്ങൾ ഭീഷണിയാകുന്നു. ട്രാക്ക് സുരക്ഷയിൽ ആശങ്ക. താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനലിൽ മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നടപടി വേണം

Current: മലയാളം

കോട്ടയം: വള്ളംകളി മത്സരങ്ങൾ നടക്കുമ്പോൾ ട്രാക്കിന് സമീപത്തോ മത്സരപ്പാതയിലോ നിൽക്കുന്ന ചെറു വള്ളങ്ങൾ മത്സരവള്ളങ്ങളുടെ വേഗതയെയും പ്രകടനത്തെയും രൂക്ഷമായി ബാധിക്കുന്നു.
മാസങ്ങളുടെ പരിശീലനവും ലക്ഷക്കണക്കിന് രൂപയുടെ ചെലവും നടത്തി കളത്തിലിറങ്ങുന്ന വള്ളങ്ങൾക്ക് ഇത്തരത്തിലുള്ള അശ്രദ്ധ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
ഇന്നലെ താഴത്തങ്ങാടി വള്ളംകളി ബി ഗ്രേഡ് ഫൈനൽ മത്സരത്തിൻ്റെ ശോഭ കെടുത്തിയതും ചെറു വള്ളവുമായി ട്രാക്കിന് വട്ടം വെച്ചയാളാണ്.
ഒന്നാം ട്രാക്കിൽ കാവാണാർ സിറ്റി ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പിജി കരിപ്പുഴയും, രണ്ടാം ട്രാക്കിൽ ഇല്ലിക്കൽ ബോട്ട് ക്ലബ് തുഴഞ്ഞ ചാമ്പ്യനും, മൂന്നാം ട്രാക്കിൽ വി വൺ ബോട്ട് ക്ലബ് ചുങ്കം തുഴഞ്ഞ പുന്നത്രപ്പുരയ്ക്കലുമാണ് മാറ്റുരച്ചത്.
മത്സരം ആരംഭിച്ചത് മുതൽ ചാമ്പ്യൻ വള്ളം മികച്ച പ്രകടനവുമായി മുന്നേറിയിരുന്നു. എന്നാൽ ഫിനിഷിങ് പോയിന്റ് സമീപമെത്തിയപ്പോൾ മൂന്നാം ട്രാക്കിലൂടെ അതിവേഗം കുതിച്ചെത്തിയ പുന്നത്രപ്പുരയ്ക്കലിന് അപ്രതീക്ഷിത തടസ്സം നേരിടുകയായിരുന്നു.
ട്രാക്കിൽ ഉണ്ടായിരുന്ന ഒരു ചെറിയ വള്ളം പുന്നത്രപ്പുരയ്ക്കന് കുറുകെ വന്നതോടെ വള്ളത്തിന്റെ സുഗമമായ മുന്നേറ്റം തടസപ്പെട്ടു.
ഈ സമയം കടന്നുപോയ ചാമ്പ്യൻ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുകയും ചെയ്തു.
ചെറുവള്ളത്തിൽ ഉണ്ടായിരുന്നയാൾ വെള്ളത്തിൽ വീഴുകയും പിന്നീട് ഇയാളെ രക്ഷപ്പെടുത്തുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി.
മത്സരവള്ളത്തിൽ ചെറു വള്ളം തട്ടിയതിനെ തുടർന്ന് ഫിനിഷിങ് പോയിന്റിൽ ക്ലബ്ബ് ഭാരവാഹികളും സംഘാടകരുമായി തർക്കം ഉടലെടുത്തു.
വരും മത്സരങ്ങളിൽ ട്രാക്കിലേക്ക് ചെറു വള്ളങ്ങൾ പ്രവേശിക്കുന്നത് തടയാൻ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് വള്ളംകളി പ്രേമികളുടെയും ക്ലബ്ബ് അധികൃതരുടെയും ആവശ്യം.






