
കൊട്ടാരക്കര: ഐഷ പോറ്റിയുടെ നടപടിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജെ. മേഴ്സിക്കുട്ടിയമ്മ. ഐഷ പോറ്റി കാണിച്ചത് ശുദ്ധമായ ‘വർഗവഞ്ചന’ ആണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. മൂന്ന് തവണ എംഎൽഎ പദവിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഉൾപ്പെടെ എല്ലാ പരിഗണനകളും പാർട്ടി നൽകിയിട്ടും അവർ കൂറുമാറിയത് അധികാരമോഹം കൊണ്ടാണ്. സ്ഥാനമാനങ്ങളോടുള്ള ആർത്തി മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് ഐഷ പോറ്റിയെന്നും, ഇത്തരം വഞ്ചനകളെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് കരുത്തുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നിൽക്കാനാണ് പാർട്ടി വിട്ടതെന്ന വാദത്തെ പരിഹസിച്ച അവർ, യുഡിഎഫിൽ പോയിട്ടാണോ മനുഷ്യർക്കൊപ്പം നിൽക്കുന്നതെന്നും ചോദിച്ചു.
Also Read: മാധ്യമങ്ങൾ നടത്തിയത് കുപ്രചാരണം; യുഡിഎഫ് പ്രവേശന വാർത്തകൾ തള്ളി ജോസ് കെ. മാണി
പതിറ്റാണ്ടുകൾ നീണ്ട സിപിഐഎം ബന്ധം ഉപേക്ഷിച്ച് മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. യുഡിഎഫിന്റെ രാപകൽ സമരവേദിയിൽ വെച്ചാണ് അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഐഷ പോറ്റി മത്സരിക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഇടതുപക്ഷത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടുള്ള ഈ രാഷ്ട്രീയ മാറ്റം. ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് കൊട്ടാരക്കരയിൽ തുടക്കം കുറിച്ച ഐഷ പോറ്റി, മൂന്ന് തവണ എംഎൽഎയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് അവർ നേതൃത്വവുമായി അകൽച്ചയിലായിരുന്നു.
അതേസമയം, തനിക്ക് അധികാരമോഹമില്ലെന്നും പാർട്ടിയിൽ നേരിട്ട അവഗണനയാണ് തീരുമാനത്തിന് പിന്നിലെന്നും ഐഷ പോറ്റി വ്യക്തമാക്കി. കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിന്റെ പേരിൽ വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ അതിശക്തമായ ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും, എന്നാൽ അത്തരം വിമർശനങ്ങൾ തന്നെ കൂടുതൽ ശക്തയാക്കുകയേയുള്ളൂവെന്നും അവർ പ്രതികരിച്ചു. എതിർച്ചേരിയിൽ ആയിരുന്നപ്പോൾ പോലും മാന്യമായ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെച്ച നേതാവാണ് ഐഷ പോറ്റിയെന്ന് കോൺഗ്രസ് നേതൃത്വം പുകഴ്ത്തി. കൊട്ടാരക്കരയിൽ ജനപ്രിയയായ ഐഷ പോറ്റിയുടെ വരവ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
The post എല്ലാ സ്ഥാനങ്ങളും പാർട്ടി നൽകി; ഐഷ പോറ്റി ചെയ്തത് ‘വർഗവഞ്ചനയെന്ന്’ മേഴ്സിക്കുട്ടിയമ്മ appeared first on Express Kerala.



