
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി, തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം (SIT) മതിയായ കാരണങ്ങൾ അറിയിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, വിഷയത്തിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൊല്ലം വിജിലൻസ് കോടതി അനുമതി നൽകി. സ്വർണം ചെമ്പാക്കി മാറ്റിയ വ്യാജ മഹസറിൽ ഒപ്പിടുക വഴി തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. നിലവിൽ കട്ടിളപാളി കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിയുടെ അറസ്റ്റ് ജയിലിലെത്തിയാകും രേഖപ്പെടുത്തുക. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19-ലേക്ക് മാറ്റി. ഇതേ കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ജനുവരി 27 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.
The post അറസ്റ്റിന് മതിയായ കാരണങ്ങൾ അറിയിച്ചില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയിൽ appeared first on Express Kerala.



