ലഖ്നൗവിൽ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. മരിച്ചത് ഉന്നാവോ സ്വദേശിനി ആസിയ. മൃതദേഹത്തിന് സമീപത്തുനിന്ന് യുവാക്കളുടെ പേരുകളെഴുതിയ കുറിപ്പ് കണ്ടെടുത്തു. അന്വേഷണം ഊർജ്ജിതം

Current: മലയാളം

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഉന്നാവോയിലെ സഫിപുർ സ്വദേശിനിയായ ആസിയ (ടിന-25) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ ദുബഗ്ഗയിലെ കിസാൻ പഥ് അണ്ടർപാസിന് സമീപമുള്ള സർവീസ് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
യുവതിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. മറ്റെവിടെയെങ്കിലും വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ സർവീസ് റോഡിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ബാഗിൽ സൂക്ഷിച്ചിരുന്ന തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് ആസിയയാണെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ നാല് യുവാക്കളുടെ പേരുകളും നാലക്ക നമ്പറും രേഖപ്പെടുത്തിയ ഒരു കടലാസ് കഷണവും ബാഗിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കുറിപ്പും നമ്പറും കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടക്കുകയാണ്.
ഒക്ടോബർ 24-ന് നവാബ്ഗഞ്ചിലുള്ള സഹോദരിയുടെ വീട്ടിൽനിന്ന് സ്വന്തം വീടായ സഫിപുരിലേക്ക് പുറപ്പെട്ടതായിരുന്നു ആസിയ. എന്നാൽ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയുന്നത്.
സഹോദരി നസ്രീൻ ബാനോ നൽകിയ പരാതിയിൽ ദുബഗ്ഗ പോലീസ് കൊലപാതകത്തിന് കേസെടുത്തു. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ആറ് മണിക്കൂറിലധികം പഴക്കമുണ്ടായിരുന്നതായി എ.സി.പി ഷക്കീൽ അഹമ്മദ് വ്യക്തമാക്കി.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും യുവതിയുടെ കോൾ വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






