അമ്മാവന്റെ വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷ്ടിച്ചുകിട്ടിയ പണം കൊണ്ട് പുതിയ ഥാർ വാങ്ങി. വാഹനത്തിന്റെ പൂജാച്ചടങ്ങിലേക്ക് അമ്മാവനടക്കമുള്ള ബന്ധുക്കളെ ക്ഷണിച്ചു. ഒടുവിൽ 19-കാരൻ അറസ്റ്റിൽ

Current: മലയാളം

മുംബൈ: അമ്മാവന്റെ വീട്ടിൽനിന്ന് 21 പവനോളം സ്വർണം മോഷ്ടിച്ച് വിറ്റ പണം ഉപയോഗിച്ച് പുതിയ ഥാർ എസ്‌യുവി വാങ്ങിയ 19-കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കോലാപുരിനടുത്തുള്ള സത്താവെ ഗ്രാമത്തിലെ സമർ ചവാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണം വാങ്ങിയ ആഭരണവ്യാപാരിയായ സംഗറാം ബാബസോയെയും പൊലീസ് പിടികൂടി.
ഒരു മാസം മുൻപാണ് സമർ, അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. പിന്നീട് ഗ്രാമത്തിലെ ആഭരണവ്യാപാരിയായ സംഗറാം ബാബസോയ്ക്ക് ഇവ വിൽക്കുകയായിരുന്നു. സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് സമർ പുതിയ ഥാർ വാങ്ങിയത്. വാഹനത്തിന്റെ പൂജാച്ചടങ്ങിലേക്ക് അമ്മാവനടക്കമുള്ള ബന്ധുക്കളെ ക്ഷണിക്കുകയും ചെയ്തു.
അടുത്തിടെ ഒരു ചടങ്ങിൽ ധരിക്കാനായി ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് ഉമേഷ് വീട്ടിൽനിന്ന് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങളാണ് മോഷണം പോയത്. എന്നാൽ, വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയുടെ സ്വർണം നഷ്ടപ്പെട്ടിരുന്നില്ല.
തുടർന്ന് രണ്ട് ദിവസം മുൻപ് ഉമേഷ് പൊലീസിൽ പരാതി നൽകി. മുത്തശ്ശിയുടെ ആഭരണങ്ങൾ മാത്രം സുരക്ഷിതമായി ശേഷിക്കുകയും ഉമേഷിന്റെയും ഭാര്യയുടെയും സ്വർണം നഷ്ടപ്പെടുകയും ചെയ്തതിൽ പൊലീസിന് സംശയം തോന്നി. കുടുംബത്തെ അടുത്തറിയുന്ന ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം.
ഇതിനിടെയാണ് ബന്ധുവായ സമർ പുതിയ ഥാർ വാങ്ങിയ വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും വിലയുള്ള വാഹനം വാങ്ങാനുള്ള പണം എവിടെനിന്ന് ലഭിച്ചെന്ന സംശയത്തെ തുടർന്ന് സമറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ചോദ്യംചെയ്യലിൽ സമർ മോഷണക്കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്.
മോഷ്ടിച്ച സ്വർണം വാങ്ങിയ ആഭരണവ്യാപാരിയായ സംഗറാം ബാബസോയെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.






