ശബരിമല തീർത്ഥാടനം പടിവാതിൽക്കൽ, കെ.എസ്.ആർ.ടി.സി ബസുകളുടെ കാലപ്പഴക്കം വെല്ലുവിളിയാകുന്നു. സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള സർവീസുകൾക്ക് പത്ത് വർഷത്തോളം പഴക്കമുള്ള ജീർണ്ണിച്ച വണ്ടികൾ ഉപയോഗിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു

Current: മലയാളം

കോട്ടയം: . ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെ, കെ.എസ്.ആർ.ടി.സി ബസുകളുടെ പഴക്കവും മോശം അവസ്ഥയും വലിയ ആശങ്കയ്ക്കും വെല്ലുവിളിക്കും വഴിതുറക്കുന്നു. സർവീസുകൾക്കായി കാലപ്പഴക്കമുള്ള ബസുകളെ ആശ്രയിക്കേണ്ടി വരുന്നത് ഭക്തരുടെ യാത്ര ദുരിതപൂർണ്ണമാക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
മുൻകാലങ്ങളിൽ സൂപ്പർ സർവീസുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ നിലനിന്നിരുന്നു. പുതിയ വണ്ടികൾ സർവീസിലിറക്കിയാൽ നിശ്ചിത വർഷങ്ങൾക്കുള്ളിൽ അവയെ മാറ്റി പകരം പുതിയവ ഉൾപ്പെടുത്തണമായിരുന്നു.
എന്നാൽ, ഇന്ന് ആ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള സർവീസുകൾ 12 വർഷത്തിലധികം പഴക്കമുള്ള ജീർണ്ണിച്ച വണ്ടികൾ ഉപയോഗിച്ചാണ് നടത്തുന്നത്.
കഴിഞ്ഞ 15 വർഷത്തിനിടെ ആവശ്യത്തിന് പുതിയ ബസുകൾ വാങ്ങി സർവീസുകൾ ആധുനികവൽക്കരിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാണ്.
കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് പകരം, തുരുമ്പെടുത്ത് നശിച്ച വണ്ടികൾക്ക് വീണ്ടും കാലാവധി നീട്ടി വാങ്ങുന്ന നയമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.
ഇതിന്റെ ഫലമായി സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ അഞ്ച് വർഷത്തിന് ശേഷം തരം താഴ്ത്തി മറ്റു സർവീസുകൾക്ക് ഉപയോഗിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്.
വരുന്ന തീർത്ഥാടന കാലത്ത് പമ്പയിലേക്ക് 460 സർവീസുകൾ നടത്താനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. ഇതിനായി ലഭ്യമായതിൽ വെച്ച് പരമാവധി മികച്ച വണ്ടികൾ വിട്ടുനൽകണമെന്ന് ഡിപ്പോകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവയുടെ ഫിറ്റ്നസ് പരിശോധനകൾ അടക്കം നടന്നുവരികയാണ്. എന്നാൽ ഭൂരിഭാഗം ഡിപ്പോകളിലും ഒന്നോ രണ്ടോ മികച്ച ബസ്സുകൾ മാത്രമാണ് ഉള്ളത്. ഇവ വിട്ടു നൽകുന്നതോടെ കട്ടപ്പുറത്തുള്ള ബസ്സുകൾ വരെ അറ്റകുറ്റപ്പണി നടത്തി പകരം സർവീസിന് ഇറക്കേണ്ട ഗതികേടിലാണ് ഡിപ്പോ അധികൃതരും.






