
കുവൈത്തിൽ നടപ്പിലാക്കിയ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ വിജയമാകുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ മയക്കുമരുന്ന് വിതരണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഡ്രഗ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ് വ്യക്തമാക്കി. കെമിക്കൽ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലഹരി വിതരണക്കാർക്കും കടത്തുകാർക്കും നിയമം ശക്തമായ താക്കീത് നൽകിയപ്പോൾ, ലഹരിക്ക് അടിമപ്പെട്ടവർ സ്വയം ചികിത്സ തേടി മുന്നോട്ട് വരുന്നത് വർധിച്ചത് സമൂഹത്തിൽ പോസിറ്റീവായ മാറ്റമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 3,039 മയക്കുമരുന്ന് കേസുകളാണ് കുവൈത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് 3,871 പേരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി കൈമാറി. ഏകദേശം 3 ടൺ ലഹരിമരുന്നുകളും 10 ദശലക്ഷത്തോളം സൈക്കോട്രോപിക് ഗുളികകളുമാണ് സുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. നിരീക്ഷണം, കൃത്യമായ വിശകലനം, ഫീൽഡ് ഓപ്പറേഷൻ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള കർശനമായ സുരക്ഷാ സംവിധാനമാണ് ലഹരിമുക്ത കുവൈത്തിനായി അധികൃതർ നടപ്പിലാക്കുന്നത്.
മയക്കുമരുന്ന് വിതരണക്കാർക്കും ഉപഭോക്താക്കൾക്കും സഹായം നൽകിയ 1,197 പ്രവാസികളെ പൊതുതാൽപ്പര്യാർത്ഥം ഇതിനകം രാജ്യത്തുനിന്ന് നാടുകടത്തിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനൊപ്പം ആഭ്യന്തര വിപണിയിലെ വിതരണ ശൃംഖല തകർക്കാനും കർശനമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ് അറിയിച്ചു. രാജ്യത്തെ ഭാവി തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
The post ലഹരി മാഫിയയുടെ നടുവൊടിച്ച് കുവൈത്ത്; പുതിയ നിയമം ഫലം കാണുന്നു, കേസുകൾ കുത്തനെ കുറഞ്ഞു appeared first on Express Kerala.



