അധികാരം ഉറപ്പിക്കാനാകാതെ നെതന്യാഹു; ഇസ്രായേലില്‍ അറബ് പാര്‍ട്ടികള്‍ നിര്‍ണായകം

Current: മലയാളം

ജറുസലം: അനിശ്ചിതത്വത്തില്‍ കുരുങ്ങി ഇസ്രായേലിലെ തിരഞ്ഞെടുപ്പ് ഫലം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് മുന്നേറുമ്പോഴും ഇസ്രായേലില്‍ അടുത്ത സര്‍ക്കാര്‍ ആരുടേതാകുമെന്നു ഇതേ വരെ വ്യക്തമായിട്ടില്ല. ഒക്ടോബര്‍ 29 രാവിലെ ലഭ്യമായ വോട്ടെണ്ണല്‍ വിവരങ്ങളനുസരിച്ച് നെതന്യാഹുവിന്റെ വലതുപക്ഷ-മതകക്ഷി സഖ്യത്തിന് 53 സീറ്റും ഗാദി ഐസന്‍കോട്ട് നയിക്കുന്ന പ്രതിപക്ഷ ചേരിക്ക് 48 സീറ്റുമാണ് പ്രതീക്ഷിക്കുന്നത്. അറബ് നേതൃത്വത്തിലുള്ള രണ്ടു രാഷ്ട്രീയ കൂട്ടായ്മകള്‍ക്ക് ആകെ 19 സീറ്റിന്റെ സാധ്യതയുണ്ട്. 120 അംഗ നെസറ്റില്‍ കേവലഭൂരിപക്ഷത്തിന് 61 സീറ്റാണ് വേണ്ടത്.
ഏകദേശം 91 ശതമാനം വോട്ടുകള്‍ എണ്ണിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അന്തിമഫലം പ്രഖ്യാപിച്ചിട്ടില്ല. സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക ‘ഡബിള്‍ എന്‍വലപ്’ ബാലറ്റുകളുടെ എണ്ണല്‍ സീറ്റുനിലയില്‍ മാറ്റമുണ്ടാക്കാം. ലിക്കുഡ് ഒന്നാമതെത്തിയാലും നെതന്യാഹുവിന്റെ ഭരണത്തുടര്‍ച്ച ഉറപ്പായെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
അറബ് പാര്‍ട്ടികളുടെ സീറ്റില്‍ മാറ്റം; ഔദ്യോഗിക സ്ഥിരീകരണം കാത്ത്
ലിക്കുഡിന് 26, ഐസന്‍കോട്ടിന്റെ യാഷറിന് 21, നഫ്താലി ബെന്നറ്റ്യൈര് ലാപിഡ് കൂട്ടായ്മയായ ബെയഹദിന് 12, യൈര്‍ ഗോലാന്റെ ഡെമോക്രാറ്റ്സിന് എട്ട്, അവിഗ്ഡോര്‍ ലിബര്‍മാന്റെ യിസ്രായേല്‍ ബെയ്തേനുവിന് ഏഴ് എന്നിങ്ങനെയാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത ഇടക്കാലനില. നെതന്യാഹുവിന്റെ സഖ്യകക്ഷികളായ ഷാസ്, യുണൈറ്റഡ് തോറ ജൂഡായിസം, ഒറ്റ്സ്മ യെഹൂദിത് എന്നിവയ്ക്ക് ഏഴുവീതവും റിലിജിയസ് സയണിസം-സെഹൂത് പട്ടികയ്ക്ക് ആറുമാണ് കണക്ക്.
അറബ് കൂട്ടായ്മയായ ജോയിന്റ് ലിസ്റ്റിന് 12, മന്‍സൂര്‍ അബ്ബാസിന്റെ റഅമിന് ഏഴ് എന്നതായിരുന്നു മുന്നില. വ്യാഴാഴ്ച രാവിലെ റഅം എട്ടിലേക്കുയര്ന്നെന്നും ജോയിന്റ് ലിസ്റ്റ് പതിനൊന്നിലേക്കു കുറഞ്ഞെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാവിലെ 5.57-ന് ലഭ്യമായ തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കില്‍ ഈ മാറ്റം പ്രതിഫലിച്ചിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ വ്യക്തമാക്കി. ഇരുകൂട്ടരുടെയും ആകെ സീറ്റ് സാധ്യത 19 തന്നെയാണ്.
നെതന്യാഹുവിന് ആരുടെ പിന്തുണ കിട്ടും?
നെതന്യാഹുവിന്റെ സ്വാഭാവിക സഖ്യകക്ഷികള്‍ തീവ്രവലതുപക്ഷ നേതാക്കളായ ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെയും ബെസലേല്‍ സ്മോട്രിച്ചിന്റെയും പാര്‍ട്ടികളും മതാധിഷ്ഠിത കക്ഷികളായ ഷാസും യുണൈറ്റഡ് തോറ ജൂഡായിസവുമാണ്. ഇവരെല്ലാം ചേര്‍ന്നിട്ടും ഇപ്പോഴത്തെ കണക്കില്‍ എട്ടു സീറ്റിന്റെ കുറവുണ്ട്. അതു നികത്താന്‍ നിലവിലെ പ്രതിപക്ഷ ചേരിയില്‍നിന്നുള്ള പിന്തുണയോ പുതിയ രാഷ്ട്രീയ ധാരണയോ ആവശ്യമാണ്.
പ്രതിപക്ഷത്തിലെ ചില കക്ഷികളുമായി ചേര്‍ന്നുള്ള ഐക്യസര്‍ക്കാര്‍, എതിര്‍പക്ഷത്തുനിന്നുള്ള പിന്തുണ, അറബ് കക്ഷികളുമായുള്ള പരോക്ഷ ധാരണ എന്നിവ ചര്‍ച്ചചെയ്യപ്പെടാവുന്ന വഴികളാണ്. എന്നാല്‍ ഇവയിലൊന്നിലും കരാറായിട്ടില്ല. നെതന്യാഹുവിനെ പുറത്താക്കുമെന്ന വാഗ്ദാനവുമായി മത്സരിച്ചവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് സ്വന്തം വോട്ടര്‍മാരോടു വിശദീകരിക്കേണ്ടിവരും. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്കു നീങ്ങാനും അതുവരെ നെതന്യാഹു കാവല്‍സര്‍ക്കാരിന്റെ തലവനായി തുടരാനും സാധ്യതയുണ്ട്.
റഅമിന്റെ എട്ടാം സീറ്റ് എന്തുകൊണ്ട് പ്രധാനമാണ്?
റഅമിന് എട്ട് സീറ്റ് ലഭിച്ചാല്‍, നെതന്യാഹു പക്ഷത്തിന്റെ 53-നൊപ്പം ചേര്‍ക്കുമ്പോള്‍ സംഖ്യ 61 ആകും. പക്ഷേ ഇത് സീറ്റുകളുടെ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്; സഖ്യസാധ്യത ഇതേ വരെ ഉറപ്പിച്ചിട്ടില്ല . അറബ് കക്ഷികള്‍ക്കെതിരെ പ്രചാരണം നടത്തിയ നെതന്യാഹുവിനും അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ പങ്കാളികള്‍ക്കും അത്തരമൊരു ധാരണ വലിയ രാഷ്ട്രീയ വിരോധാഭാസമാകും.
ലിക്കുഡില്നിന്നും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് റഅമിന്റെ നേതാവ് മന്‍സൂര്‍ അബ്ബാസ് പറഞ്ഞത്. അതേസമയം, ഐസന്‍കോട്ട് സര്‍ക്കാരില്‍ ചേരാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷം നെതന്യാഹുവിനേക്കാള്‍ ‘മുസ്ലിം വിരുദ്ധരോ’?
ഇസ്രായേലിലെ നിലവിലുള്ള പ്രതിപക്ഷത്തെ ഒറ്റക്കക്ഷിയായോ ഒരേ ആശയമുള്ള കൂട്ടായ്മയായോ കാണാനാവില്ല. വലതുപക്ഷ ദേശീയവാദികളും മധ്യപക്ഷക്കാരും ഇടതുപക്ഷക്കാരും ഉള്‍പ്പെട്ട ഒരു അവിയല്‍ ചേരിയാണത്. അതിനാല്‍ പ്രതിപക്ഷം മുഴുവന്‍ നെതന്യാഹുവിനേക്കാള്‍ കടുത്ത മുസ്ലിം വിരോധം പുലര്‍ത്തുന്നവരാണ് ഐസാന്കൊട്ടുമെന്ന പൊതുനിഗമനത്തില്‍ കഴമ്പില്ല.
പലസ്തീന് രാഷ്ട്രത്തോടുള്ള എതിര്‍പ്പ്, ഹമാസിനെതിരായ സൈനികനിലപാട്, അറബ് പൗരന്മാരുടെ രാഷ്ട്രീയപങ്കാളിത്തത്തോടുള്ള സമീപനം, മുസ്ലിംകളോടുള്ള മതപരമായ വിദ്വേഷം എന്നിവയിലെല്ലാം പ്രതിപക്ഷ സഖ്യത്തിന് വിരുദ്ധ നിലപാടാണുള്ളത്.
അറബ് കക്ഷികളുടെ പിന്തുണയെ ആശ്രയിക്കില്ലെന്ന ഐസന്‍കോട്ട്, ബെന്നറ്റ്, ലിബര്മാന് എന്നിവരുടെ നിലപാടാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ പ്രധാന പ്രതിസന്ധി. ഗോലാന്‍ ഇതിനുവിരുദ്ധമായി അറബ് പൗരന്മാരുമായി രാഷ്ട്രീയപങ്കാളിത്തം വേണമെന്ന് ആവശ്യപ്പെടുന്നു. നെതന്യാഹുവിനെ എതിര്‍ക്കുന്നുണ്ടെങ്കിലും എല്ലാ പ്രതിപക്ഷ നേതാക്കളും പലസ്തീന് വിഷയത്തില്‍ മിതവാദികളല്ലെന്നതാണ് വാസ്തവം.
അറബ് പാര്‍ട്ടികള്‍ ആരെ പിന്തുണയ്ക്കും?
നിലവിലെ പ്രഖ്യാപനങ്ങളില്‍ അറബ് പാര്‍ട്ടികളുടെ മുന്‍ഗണന നെതന്യാഹു സര്‍ക്കാരിനെ മാറ്റുകയാണ്. എന്നാല്‍ പിന്തുണയുടെ രൂപത്തില്‍ വ്യത്യാസമുണ്ട്. റഅം സര്‍ക്കാരില്‍ നേരിട്ടു പങ്കാളിയാകാന്‍ തയ്യാറാകുമ്പോള്‍ ജോയിന്റ് ലിസ്റ്റ് ബദല്‍ സര്‍ക്കാരിന് പുറത്തുനിന്നുള്ള പിന്തുണയാണ് മുന്നോട്ടുവയ്ക്കുന്നത്.
അറബ് മേഖലകളിലെ സംഘടിത കുറ്റകൃത്യങ്ങള്‍, ഭവനക്ഷാമം, വിവേചനം, പൊതുനിക്ഷേപത്തിലെ കുറവ് തുടങ്ങിയ വിഷയങ്ങളില്‍ ഉറപ്പുകള്‍ ഇവര്‍ തേടും.
ഇപ്പോഴത്തെ കണക്കില്‍ പ്രതിപക്ഷത്തിന്റെ 48-ഉം അറബ് പാര്‍ട്ടികളുടെ 19-ഉം ചേര്‍ന്നാല്‍ 67 സീറ്റാകും. എന്നാല്‍ റഅം മാത്രം ചേര്‍ന്നാല്‍, അതിന് ഏഴോ എട്ടോ ലഭിക്കുന്നതനുസരിച്ച് പ്രതിപക്ഷത്തിന്റെ പിന്തുണ 55 അല്ലെങ്കില്‍ 56-ല്‍ ഒതുങ്ങും. അതിനാല്‍ ജോയിന്റ് ലിസ്റ്റിന്റെ പിന്തുണയോ മറ്റു കക്ഷികളുടെ സഹകരണമോ കൂടി ആവശ്യമായി വരും. സംഖ്യാബലം ഉണ്ടെങ്കിലും പരസ്പരമുള്ള രാഷ്ട്രീയവൈര്യം നീക്കാനാകുമോ എന്നതാണ് നിര്‍ണായകം.
സമ്പൂര്‍ണ്ണമായ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കക്ഷികളുമായി ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും സാധ്യതയുള്ള നേതാവിനെ ക്ഷണിക്കും. വീണ്ടും തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തുറന്ന മനസ്സോടെ ചര്ച്ചകള്ക്കെത്തണമെന്നാണ് പ്രസിഡന്റിന്റെ ആഹ്വാനം. നെതന്യാഹുവിന്റെ തിരിച്ചുവരവിനുള്ള വാതില്‍ അടഞ്ഞിട്ടില്ല; എന്നാല്‍ വിജയം ഉറപ്പായിട്ടില്ല. അദ്ദേഹത്തെ മാറ്റാനുള്ള സംഖ്യ പ്രതിപക്ഷത്തിനും അറബ് പാര്‍ട്ടികള്‍ക്കും ചേര്‍ന്നുണ്ട്. സഖ്യം പൊളിഞ്ഞാല്‍ മാത്രമേ നെതന്യാഹു തിരിച്ചുവരാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ഇസ്രായേലിന് വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരും.





