ഷെയ്ഖ് ഹസീനയുടെ രക്ഷപ്പെടൽ വീഡിയോ പങ്കുവെച്ച മുൻ ബംഗ്ലാദേശ് വ്യോമസേനാ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ | Tahsif Souri

Current: മലയാളം

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് ശ്രദ്ധേയനായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ നദിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലാദേശ് വ്യോമസേനയിലെ മുൻ ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.എം. തഹ്സീഫ് സൗരിയെയാണ് (28) ബുധനാഴ്ച ധാക്കയിലെ ഉത്തരഖാനിലുള്ള തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തഹ്സീഫിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.(Tahsif Souri, Ex Bangladesh Air Force Officer, Found Dead Sheikh Hasina Video)
ചൊവ്വാഴ്ച കാണാതായ തഹ്സീഫിന്റെ മൃതദേഹം രാജ്ബാരി ഘാട്ടിന് സമീപം ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കറുത്ത ഷർട്ടും വെള്ള ട്രൗസറുമായിരുന്നു വേഷം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റിവർ പൊലീസെത്തിയാണ് മൃതദേഹം കരയ്ക്കടുത്തത്. പോക്കറ്റിലുണ്ടായിരുന്ന ഐഫോണാണ് കൊല്ലപ്പെട്ടത് തഹ്സീഫ് ആണെന്ന് തിരിച്ചറിയാൻ സഹായിച്ചത്.
2024 ഓഗസ്റ്റ് 5-ന് ബംഗ്ലാദേശിൽ നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ തഹ്സീഫ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തന്റെ സഹപ്രവർത്തകൻ ചിത്രീകരിച്ച ഈ വീഡിയോ സാധാരണ പൗരൻ എന്ന നിലയിലാണ് തഹ്സീഫ് പങ്കുവെച്ചതെന്നും, ഇതിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി തഹ്സീഫ് അതിരൂക്ഷമായ വേട്ടയാടലുകൾക്കും മാനസിക പീഡനങ്ങൾക്കും ഇരയായിരുന്നെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ വെളിപ്പെടുത്തി.
വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ഇയാളെ സേനയിൽ നിന്ന് പുറത്താക്കുകയും രണ്ട് വർഷത്തേക്ക് പാസ്പോർട്ട് കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു പോഡ്കാസ്റ്റിൽ പ്രത്യക്ഷപ്പെട്ട തഹ്സീഫ്, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ശക്തമായി എതിർക്കുകയും രാജ്യത്തിന് വേണ്ടി ജീവൻ വെടിയുന്നതിനേക്കാൾ വലിയ അഭിമാനമില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. മരിക്കുന്ന ദിവസം അമ്മയോടൊപ്പം ഷോപ്പിംഗിന് ശേഷം സുഹൃത്തിന്റെ ഫോൺ കോൾ വന്ന് പുറത്തുപോയ തഹ്സീഫ് പിന്നീട് തിരിച്ചെത്തിയില്ല. രാത്രി 1.35-ഓടെ വീട്ടിലെത്തുമെന്ന് സന്ദേശമയച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. അതിനുശേഷമാണ് നദിയിൽ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ ബംഗ്ലാദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
Former Bangladesh Air Force officer KM Tahsif Souri, who shared the viral video of ousted PM Sheikh Hasina fleeing the country in 2024, was found dead in the Turag River. His family alleges murder due to continuous harassment over the video post and past espionage accusations. Police have sent the body for autopsy as an investigation into his mysterious death continues.





