"> Skip to content
Sample Header Banner
November 2, 2026
⌕

അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരം; പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു | India new airfare rules

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Aviation

വിമാനടിക്കറ്റ് നിരക്കുകളിൽ അസാധാരണ സാഹചര്യങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന പുതിയ വ്യോമയാന ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ക്രൂഡ് ഓയിൽ, വ്യോമയാന ഇന്ധനമായ എടിഎഫ് (ATF) എന്നിവയുടെ വില ഉയർന്നതിനെത്തുടർന്ന് വിമാനയാത്രാനിരക്കുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊതുതാൽപര്യം കണക്കിലെടുത്ത് ആവശ്യമെന്ന് കണ്ടാൽ വിമാനക്കമ്പനികൾക്ക് നിരക്കുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകാൻ സർക്കാരിന് പുതിയ ചട്ടങ്ങൾ അനുമതി നൽകുന്നു. (India new airfare rules)

കേന്ദ്ര വ്യോമയാന മന്ത്രാലയം വിജ്ഞാപനം ചെയ്ത ഭാരതീയ വിമാനയാന നിയമങ്ങൾ 2026-ലെ റൂൾ 192 പ്രകാരം, പ്രവർത്തനച്ചെലവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ഷെഡ്യൂൾഡ് വിമാന സർവീസുകൾ നടത്തുന്ന കമ്പനികൾ ടിക്കറ്റ് നിരക്ക് നിശ്ചയിക്കേണ്ടത്. നിശ്ചയിച്ച നിരക്കുകളുടെ വിശദാംശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) സമർപ്പിക്കുകയും വേണം. അസാധാരണ സാഹചര്യം ഉണ്ടായെന്നും പൊതുതാൽപര്യത്തിനായി ഇടപെടൽ ആവശ്യമാണെന്നും സർക്കാരിന് ബോധ്യപ്പെട്ടാൽ നിശ്ചിത കാലയളവിലേക്ക് രേഖാമൂലം നിർദേശങ്ങൾ നൽകാം. സാഹചര്യത്തിന് ആനുപാതികമായിരിക്കണം ഇത്തരം ഇടപെടലുകളെന്നും ചട്ടം വ്യക്തമാക്കുന്നു.

ടിക്കറ്റ് നിരക്കുകളിൽ സുതാര്യത ഉറപ്പാക്കാനും പുതിയ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. വിമാനക്കമ്പനികൾ വെബ്സൈറ്റുകളിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും നിരക്കുകൾ പ്രസിദ്ധീകരിക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ടിക്കറ്റിലും യാത്രക്കാരൻ നൽകേണ്ട ആകെ തുക വ്യക്തമായി കാണിക്കണം. അടിസ്ഥാന നിരക്ക്, നികുതികൾ, ഫീസ്, റദ്ദാക്കൽ ചാർജുകൾ, റീഫണ്ട് വ്യവസ്ഥകൾ, മറ്റ് ബാധകമായ ചെലവുകൾ എന്നിവയുടെ വിശദാംശങ്ങളും പ്രത്യേകം നൽകണം. സർക്കാർ ഈടാക്കുന്ന നികുതികളും വിമാനക്കമ്പനികൾ സേവനങ്ങൾക്കായി ഈടാക്കുന്ന ഫീസുകളും വേർതിരിച്ചുകാണിക്കണമെന്നും നിർദേശമുണ്ട്. ഷെഡ്യൂൾഡ് വിമാനക്കമ്പനികളുടെ നിരക്കുകൾ ഡിജിസിഎ നിരീക്ഷിക്കും.

1994ലാണ് ഇന്ത്യയിൽ വിമാനടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലെ സർക്കാർ നിയന്ത്രണം ഒഴിവാക്കി വിപണിക്ക് അനുസരിച്ച് നിരക്കുകൾ തീരുമാനിക്കാൻ വിമാനക്കമ്പനികൾക്ക് സ്വാതന്ത്ര്യം നൽകിയത്. ആവശ്യകത, പ്രവർത്തനച്ചെലവ്, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം തുടങ്ങിയ ഘടകങ്ങളാണ് സാധാരണയായി നിരക്കുകളെ സ്വാധീനിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 1937ലെ പഴയ എയർക്രാഫ്റ്റ് റൂൾസിലെ റൂൾ 135(4) പ്രകാരം അമിതമോ വിപണിയെ ദോഷകരമായി ബാധിക്കുന്നതോ ആയ നിരക്കുകളും കുത്തകസ്വഭാവമുള്ള പ്രവർത്തനങ്ങളും കണ്ടെത്തിയാൽ ഇടപെടാൻ ഡിജിസിഎയ്ക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ പുതിയ റൂൾ 192ൽ സർക്കാർ നിരീക്ഷണത്തിനുള്ള വ്യവസ്ഥ നിലനിർത്തുമ്പോഴും അമിത നിരക്ക്, predatory pricing, ഒളിഗോപോളി രീതികൾ എന്നിവയെ ഇടപെടലിനുള്ള പ്രത്യേക കാരണങ്ങളായി എടുത്തുപറയുന്നില്ല. അസാധാരണ സാഹചര്യങ്ങളിൽ പൊതുതാൽപര്യം മുൻനിർത്തി നിരക്കുകളിൽ ഇടപെടാനുള്ള അധികാരമാണ് പുതിയ ചട്ടക്കൂട് കേന്ദ്രത്തിന് നൽകുന്നത്.

Summary: India has notified new aviation rules allowing the Centre to intervene in airline fares during extraordinary situations in the public interest. The rules also mandate greater transparency in ticket pricing, including disclosure of the total payable amount and a detailed breakdown of charges.

Get more updates from Pudukad News on Google