കർണാടകയിലെ സ്റ്റിങ് ഓപ്പറേഷൻ വിവാദം: കേന്ദ്രമന്ത്രി HD കുമാരസ്വാമിയിലേക്ക് അന്വേഷണം നീളുന്നു; രാഷ്ട്രീയ പോര് ശക്തം | Karnataka Sting Operation

Current: മലയാളം

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ ഉലച്ച സ്റ്റിങ് ഓപ്പറേഷൻ വിവാദത്തിൽ കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയിലേക്ക് അന്വേഷണം നീളുന്നു. എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളിയ കുമാരസ്വാമി, കേസിൽ തന്നെ കുടുക്കാൻ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.(Karnataka Sting Operation Controversy HD Kumaraswamy DK Shivakumar)
സ്റ്റിങ് ഓപ്പറേഷനായി ഉപയോഗിച്ച മൊബൈൽ ഫോൺ ഡൽഹിയിൽ നിന്ന് വാങ്ങിയതാണെന്നും, കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് പ്രജ്വൽ പ്രസാദ് എന്നയാൾക്ക് കൈമാറിയതാണെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ ഡൽഹി സ്വദേശി റിതേഷ് പാണ്ഡെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ വെളിപ്പെടുത്തൽ നടത്തിയത്. പിടിയിലായ പ്രതികൾ കുമാരസ്വാമിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണെന്നും പോലീസ് അവകാശപ്പെടുന്നു.
അതേസമയം, ആരോപണങ്ങൾ തള്ളിയ കുമാരസ്വാമി “തന്നെ തൊടാൻ ആർക്കും കഴിയില്ലെ”ന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും ചേർന്ന് തയ്യാറാക്കിയ ഗൂഢാലോചനയാണിതെന്നും അന്വേഷണം ജെഡിഎസിനെ ലക്ഷ്യമിട്ട് വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ നിയമത്തിന് മുന്നിൽ ഉയർന്ന സ്ഥാനത്തിരിക്കുന്നവർക്ക് പ്രത്യേക പരിഗണനയില്ലെന്നും അന്വേഷണത്തിൽ കൂടുതൽ സാങ്കേതിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. “ഇത് ട്രെയിലർ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
The sting operation controversy in Karnataka intensified as Bengaluru Police traced a mobile phone used in the operation against former CM Siddaramaiah to Union Minister HD Kumaraswamy’s Delhi residence. While Kumaraswamy denied all allegations and accused CM DK Shivakumar of a political conspiracy, Home Minister Priyank Kharge stated that technical evidence was emerging and legal action would follow.





