വ്യവസായി ആർ. വീരമണിക്കെതിരായ പോക്സോ കേസ്; പെൺകുട്ടികളെ എത്തിച്ചുനൽകിയെന്ന ആരോപണത്തിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ | R Veeramani POCSO case

Current: മലയാളം

ചെന്നൈ: തമിഴ്‌നാട്ടിൽ വ്യവസായി ആർ. വീരമണിക്കെതിരായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ സഹായിച്ചെന്ന ആരോപണത്തിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. ശ്രീനിവാസൻ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. പെൺകുട്ടികളെ സ്വന്തം മുറിയിൽ കാത്തിരുത്തിയശേഷം വീരമണി ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചിരുന്നതായാണ് ശ്രീനിവാസനെതിരായ ആരോപണം. (R Veeramani POCSO case)
വീരമണിയുടെ വസതിയിലെ സിസിടിവി ക്യാമറകളുടെ ദിശ മാറ്റിയും വൈദ്യുതി ബന്ധം വിച്ഛേദിച്ചും പെൺകുട്ടികളുടെ വരവും പോക്കും ദൃശ്യങ്ങളിൽ പതിയുന്നത് തടഞ്ഞിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. ചെന്നൈയിലെ എന്നൂരിലുള്ള ശ്രീനിവാസന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കുശേഷം മൊബൈൽ ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച രാത്രി പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
84കാരനായ വീരമണിക്കെതിരെ എട്ട് പോക്സോ കേസുകളാണ് എസ്ഐടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ ഇപ്പോൾ ചെന്നൈയ്ക്കടുത്തുള്ള പുഴൽ സെൻട്രൽ ജയിലിലാണ്. ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ അതിജീവിതകളിലൊരാൾ വീരമണിയെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്. പെൺകുട്ടികളെ വീരമണിയുടെ വീട്ടിലെത്തിച്ചിരുന്നുവെന്ന ആരോപണത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർമാരായ ലേസർ, പാർഥിബൻ, ബാബു എന്നിവരെ ഒക്ടോബർ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. മാനേജർ ശക്തിവേലിനെ ഒക്ടോബർ 18നും കസ്റ്റഡിയിലെടുത്തു.
Summary: A security guard has been arrested for allegedly helping industrialist R Veeramani facilitate sexual abuse of minor girls. Investigators suspect he altered CCTV cameras and cut power to conceal the victims’ movements. The SIT has arrested nine people so far and is pursuing other accused, including one believed to be in the UK.




