തമിഴ്നാട്ടിൽ പുതിയ സിനിമകൾക്ക് രാവിലെ 6 മുതൽ പ്രദർശനം; ആദ്യ ആഴ്ചയിൽ ആറ് ഷോകൾക്ക് അനുമതി | Tamil Nadu new movie screening rules

Current: മലയാളം

ചെന്നൈ: പുതിയ സിനിമകളുടെ റിലീസ് ആഴ്ചയിൽ തമിഴ്നാട്ടിലെ തിയറ്ററുകളിൽ ആറ് പ്രദർശനങ്ങൾ വരെ നടത്താൻ അനുമതി. രാവിലെ ആറിന് ആരംഭിച്ച് പുലർച്ചെ 2.30 വരെ ഷോകൾ നടത്താം. മുഖ്യമന്ത്രി ജോസഫ് വിജയ് അംഗീകരിച്ച തീരുമാനത്തോടെ നേരത്തെയുള്ള പ്രദർശനങ്ങൾ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് തിയറ്റർ ഉടമകളും സിനിമാ ആരാധകരും. (Tamil Nadu new movie screening rules)
സിനിമാ മേഖലയിലെ പ്രതിനിധികളും സംസ്ഥാന മന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. 1957ലെ തമിഴ്നാട് സിനിമാസ് റെഗുലേഷൻ ചട്ടപ്രകാരം ഒരു ദിവസം പരമാവധി നാല് ഷോകൾക്കായിരുന്നു അനുമതി. പിന്നീട് റിലീസ് ആഴ്ചകളിലും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും അഞ്ചാമത്തെ ഷോ അനുവദിച്ചിരുന്നെങ്കിലും ഓരോ തവണയും പ്രത്യേക അനുമതിക്കായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുതിയ ഭേദഗതിയോടെ റിലീസ് ആഴ്ച, വാരാന്ത്യങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, പൊതു അവധി ദിവസങ്ങൾ എന്നിവയിൽ ആറ് ഷോകൾ വരെ നടത്താം.
പുലർച്ചെയുള്ള പ്രദർശനങ്ങൾ തിരിച്ചെത്തുന്നതോടെ സുരക്ഷാ ആശങ്കകളും വീണ്ടും ചർച്ചയാകുന്നുണ്ട്. നടൻ അജിത്തിന്റെ ‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ 2023ൽ ആരാധകൻ മരിച്ചതിനെത്തുടർന്നാണ് അന്നത്തെ എം.കെ. സ്റ്റാലിൻ സർക്കാർ പുലർച്ചെയുള്ള ഷോകൾക്ക് വിലക്കേർപ്പെടുത്തിയത്. സിനിമ കാണാൻ പോകുന്നതിനിടെ ട്രക്കിൽനിന്ന് വീണാണ് ആരാധകൻ മരിച്ചത്. പുതിയ സർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ തിയറ്ററുകൾക്ക് മുന്നിലെ ആരാധകത്തിരക്കും ആഘോഷങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും ഉയരുന്നുണ്ട്.
ഷോകളുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം ടിക്കറ്റ് നിരക്കിലെ നിയന്ത്രണത്തിലും ഇളവ് വേണമെന്നാണ് തിയറ്റർ ഉടമകളുടെ ആവശ്യം. നിലവിലുള്ള 180 രൂപയുടെ പരമാവധി ടിക്കറ്റ് നിരക്ക് 250 മുതൽ 350 രൂപ വരെയാക്കാൻ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരുമായി പ്രതിമാസ ചർച്ചകൾ നടത്താനും സിനിമാ മേഖലയിലെ പ്രതിനിധികൾ ആലോചിക്കുന്നുണ്ട്.
Summary: Tamil Nadu has amended its cinema regulations to allow up to six shows a day during the opening week of new film releases, with screenings permitted from 6 am to 2:30 am. Theatre owners have welcomed the move, while safety concerns surrounding early-morning fan gatherings and demands for higher ticket prices remain.




