"> Skip to content
November 8, 2026
⌕

ദീപാവലി ദിനത്തിൽ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; പലയിടത്തും വായുനിലവാരം ‘ഗുരുതരം’ | Delhi Air Pollution Diwali

November 8, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Delhi Air Pollution

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമായി. ഞായറാഴ്ച രാവിലെ എട്ടിന് രേഖപ്പെടുത്തിയ നഗരത്തിലെ മൊത്തം വായുനിലവാര സൂചിക (എക്യുഐ) 483 ആയി ഉയർന്നു. ഇതോടെ വായുനിലവാരം ‘ഗുരുതര’ വിഭാഗത്തിലെത്തി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കുകൾ പ്രകാരം നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ എക്യുഐ 400ന് മുകളിലാണ്. ( Delhi Air Pollution Diwali)

പഞ്ചാബി ബാഗിൽ 449ഉം ആർ.കെ. പുരത്ത് 448ഉം ബവാനയിൽ 446ഉം എക്യുഐ രേഖപ്പെടുത്തി. ഐഐടി ഡൽഹിയിലും രോഹിണിയിലും 445 വീതമാണ് വായുനിലവാരം. ചാന്ദ്‌നി ചൗക്കിൽ 420ഉം പട്‌പർഗഞ്ചിൽ 421ഉം അലിപൂരിൽ 413ഉം രേഖപ്പെടുത്തി. ഈ പ്രദേശങ്ങളെല്ലാം ഗുരുതര വിഭാഗത്തിലാണ്. അതേസമയം ആനന്ദ് വിഹാറിൽ 328ഉം നരേലയിൽ 395ഉം രേഖപ്പെടുത്തി. ഇവിടങ്ങളിലെ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ്. ഇന്ത്യാ ഗേറ്റിന് സമീപം 398ഉം അക്ഷർധാം ക്ഷേത്രത്തിന് സമീപം 336ഉം ആണ് എക്യുഐ. ശൈത്യം ആരംഭിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞും പുകയും നിറഞ്ഞിരുന്നു. കാഴ്ചാപരിധി കുറഞ്ഞതും മലിനീകരണം ഉയർന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് 364 ആയിരുന്ന എക്യുഐയാണ് ഒരു ദിവസത്തിനുള്ളിൽ 483ലേക്ക് ഉയർന്നത്.

വായുനിലവാരം മോശമാകാനുള്ള സാധ്യത കണക്കിലെടുത്ത് ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് തന്നെ ഡൽഹി-എൻസിആറിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) മൂന്നാം ഘട്ടം അധികൃതർ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വാഹന നിയന്ത്രണങ്ങൾ കർശനമാക്കുകയും പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹിയിലും എൻസിആറിലെ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിർദിഷ്ട ജില്ലകളിലുമാണ് നിയന്ത്രണങ്ങൾ ബാധകമാകുന്നത്. ബിഎസ്-III പെട്രോൾ, ബിഎസ്-IV ഡീസൽ നാല് ചക്ര വാഹനങ്ങൾക്ക് ഡൽഹിയിലും നിർദിഷ്ട എൻസിആർ മേഖലകളിലും വിലക്കുണ്ട്. പഴയ ലൈറ്റ്, മീഡിയം ഗുഡ്‌സ് വാഹനങ്ങൾക്കും ഡൽഹിയിൽ രജിസ്റ്റർ ചെയ്യാത്ത ഡീസൽ വാണിജ്യ വാഹനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ തോതിൽ പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന മണ്ണെടുപ്പ്, ഖനനം, പൊളിക്കൽ, റോഡ് നിർമാണം തുടങ്ങിയ അവശ്യകമല്ലാത്ത പ്രവർത്തനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. കല്ല് പൊട്ടിക്കുന്ന യൂണിറ്റുകൾക്കും ഖനന പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. അതേസമയം, അനുവദിച്ചിട്ടുള്ള അവശ്യ നിർമാണ പദ്ധതികൾ കർശനമായ പൊടി നിയന്ത്രണ സംവിധാനങ്ങൾ പാലിക്കണം.

വായുനിലവാരത്തിലെ മാറ്റമനുസരിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കുന്ന നാല് ഘട്ടങ്ങളുള്ള സംവിധാനമാണ് ഗ്രാപ്. എക്യുഐ 201–300 ആയാൽ ഒന്നാം ഘട്ടവും 301–400 ആയാൽ രണ്ടാം ഘട്ടവും നടപ്പാക്കും. 401–450 പരിധിയിലാണ് മൂന്നാം ഘട്ടം. 450ന് മുകളിലുള്ള ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ നാലാം ഘട്ട നിയന്ത്രണങ്ങളും ഏർപ്പെടുത്തും. വായുമലിനീകരണം കൂടുതൽ രൂക്ഷമാകുന്നത് തടയുകയാണ് നടപടികളുടെ ലക്ഷ്യം.

Summary: Delhi’s overall AQI reached 483 at 8:10 am on Diwali, placing the city in the severe category. Several localities recorded AQI levels above 400, while GRAP Stage III restrictions remain in force across Delhi-NCR.

Get more updates from Pudukad News on Google