നഴ്സിങ് ഹോമിലെ ശുചിമുറിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; നവജാത ശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞു | Hooghly Nursing Home Incident

Current: മലയാളം

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നഴ്സിങ് ഹോമിലെ ശുചിമുറിയിൽ പ്രസവിച്ച 16കാരി നവജാത ശിശുവിനെ ജനൽവഴി പുറത്തേക്ക് എറിഞ്ഞതായി ആരോപണം. സംഭവത്തിൽ പെൺകുഞ്ഞ് മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഉത്തരപാറ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള നഴ്സിങ് ഹോമിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി വൈകിയാണ് പെൺകുട്ടിയെ കുടുംബാംഗങ്ങൾ ഇവിടെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ വേദന കൂടിയതോടെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടി ആരുടെയും സഹായമില്ലാതെ പ്രസവിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. (Hooghly Nursing Home Incident)
പ്രസവത്തിന് പിന്നാലെ പെൺകുട്ടി കുഞ്ഞിനെ ശുചിമുറിയിലെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞെന്നാണ് നഴ്സിങ് ഹോം അധികൃതരുടെ ആരോപണം. രക്തത്തിൽ കുളിച്ച നിലയിൽ കിടന്നിരുന്ന കുഞ്ഞിനെ വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു നഴ്സ് സ്ഥലത്തെത്തി കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞത്. സാധാരണ വയറുവേദനയാണെന്ന് കരുതിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രവേശനസമയത്ത് ഗർഭിണിയാണോയെന്ന് കുടുംബത്തോട് ചോദിച്ചിരുന്നുവെന്നും എന്നാൽ അവർക്ക് അക്കാര്യം അറിയില്ലെന്നായിരുന്നു മറുപടിയെന്നും നഴ്സിങ് ഹോം ഉടമ അവകാശപ്പെട്ടു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഴ്സിങ് ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നവജാത ശിശുവിന്റെ പോസ്റ്റ്മോർട്ടവും നടത്താനാണ് തീരുമാനം. നഴ്സിങ് ഹോമിൽ സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികളിൽ ചിലർ ആരോപിച്ചു. ഈ ആരോപണവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ട്.
Summary: A 16-year-old girl allegedly gave birth in the washroom of a nursing home in Hooghly, West Bengal, and threw the newborn through a window, according to nursing home authorities. The baby died, and police are examining CCTV footage and questioning family members as part of the investigation.











