
യുഎഇയിൽ വരും ദിവസങ്ങളിൽ തണുപ്പ് അതിശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. നാളെ (ജനുവരി 15) മുതൽ രാജ്യം വടക്കൻ കാറ്റിന്റെ സ്വാധീനത്തിലാകുന്നതോടെ രണ്ട് ദിവസത്തിനുള്ളിൽ താപനിലയിൽ എട്ട് ഡിഗ്രിയോളം ഇടിവുണ്ടാകാനാണ് സാധ്യത. പടിഞ്ഞാറൻ മേഖലകളിൽ നിന്ന് ആരംഭിക്കുന്ന ഈ കാലാവസ്ഥാ വ്യതിയാനം വൈകാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മലയോര മേഖലകളിലായിരിക്കും തണുപ്പ് ഏറ്റവും കടുപ്പമേറിയതാകുക. ഈ ഭാഗങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകാനും പുലർച്ചെ സമയങ്ങളിൽ 5 മുതൽ 7 ഡിഗ്രി വരെയായി കുറയാനും സാധ്യതയുണ്ട്. താപനിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കുന്നതിനാൽ ജനുവരി പകുതിയോടെ രാജ്യം കടുത്ത ശൈത്യത്തിന്റെ പിടിയിലാകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: കുവൈത്തിൽ ലേബർ സിറ്റികൾ വരുന്നു; റെസിഡൻഷ്യൽ മേഖലകളിൽ നിന്ന് തൊഴിലാളികളെ മാറ്റും
യുഎഇയിൽ വരും ദിവസങ്ങളിൽ അജ്മാൻ ഉൾപ്പെടെയുള്ള ഉൾനാടൻ മരുഭൂമി പ്രദേശങ്ങളിലും താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കടൽവെള്ളം ചൂട് നിലനിർത്തുന്നതിനാൽ തീരദേശ മേഖലകളിൽ തണുപ്പ് താരതമ്യേന കുറവായിരിക്കും. ഇവിടെ പകൽ സമയത്ത് 20 മുതൽ 22 ഡിഗ്രി വരെയായിരിക്കും താപനില അനുഭവപ്പെടുക. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന തണുപ്പിന്റെ കാഠിന്യം കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ശൈത്യം കടുക്കുന്നതിനൊപ്പം വരും ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിൽ കടുത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വടക്കൻ-കിഴക്കൻ മേഖലകളായ റാസൽഖൈമയിലും ഫുജൈറയുടെ വടക്കൻ ഭാഗങ്ങളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
The post രണ്ട് ദിവസത്തിനുള്ളിൽ താപനില 8 ഡിഗ്രി താഴാൻ സാധ്യത; യുഎഇയിൽ അതിശൈത്യകാല മുന്നറിയിപ്പ് appeared first on Express Kerala.



