പ്രമുഖ സാമൂഹിക പ്രവർത്തകൻ സഞ്ജിത് ‘ബങ്കർ’ റോയ് അന്തരിച്ചു; വിടവാങ്ങിയത് 81-ാം വയസിൽ | Sanjit “Bunker” Roy

ഗ്രാമീണ വികസനത്തിനും സ്ത്രീശാക്തീകരണത്തിനുമായി അഞ്ച് പതിറ്റാണ്ടിലേറെ പ്രവർത്തിച്ച പ്രമുഖ സാമൂഹിക പ്രവർത്തകനും ബെയർഫൂട്ട് കോളേജ് സ്ഥാപകനുമായ സഞ്ജിത് ‘ബങ്കർ’ റോയ് അന്തരിച്ചു ( Sanjit “Bunker” Roy). 81 വയസായിരുന്നു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ തിലോണിയയിലുള്ള വസതിയിൽ ചൊവ്വാഴ്ച രാവിലെ 6.15നായിരുന്നു അന്ത്യം. ഭാര്യയും പ്രമുഖ സാമൂഹിക പ്രവർത്തകയുമായ അരുണ റോയിയുടെയും അടുത്തവരുടെയും സാന്നിധ്യത്തിലായിരുന്നു മരണം. തിലോണിയയിൽ വൈകിട്ട് നാലിന് സംസ്കാരം നടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നിഖിൽ ഡേ അറിയിച്ചു.
1972ലാണ് രാജസ്ഥാനിലെ തിലോണിയയിൽ ബങ്കർ റോയ് സോഷ്യൽ വർക്ക് ആൻഡ് റിസർച്ച് സെന്റർ സ്ഥാപിച്ചത്. പിന്നീട് ‘ബെയർഫൂട്ട് കോളേജ്’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ ഈ സ്ഥാപനം ഗ്രാമീണ വികസന രംഗത്ത് ശ്രദ്ധേയമായ മാതൃകയായി മാറി. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഗ്രാമീണർക്കുപോലും സാങ്കേതിക വൈദഗ്ധ്യം നേടാനും സ്വന്തം നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കഴിയുമെന്ന ആശയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. സൗരോർജം, ജലസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഉപജീവനമാർഗങ്ങൾ തുടങ്ങിയ മേഖലകളിൽ ഗ്രാമീണർക്ക് പരിശീലനം നൽകുകയായിരുന്നു ബെയർഫൂട്ട് കോളേജിന്റെ പ്രധാന പ്രവർത്തനങ്ങൾ. ഇതിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യം നൽകി. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഗ്രാമീണ സ്ത്രീകളെപ്പോലും സോളാർ സംവിധാനങ്ങൾ സ്ഥാപിക്കാനും പരിപാലിക്കാനും പരിശീലിപ്പിച്ച പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിശീലനം പൂർത്തിയാക്കിയവർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി വീടുകളിൽ സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും പങ്കാളികളായി.
ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളും പരിശീലനത്തിനായി തിലോണിയയിലെത്തി. മഴവെള്ള സംഭരണം, ഗ്രാമീണ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പരമ്പരാഗത കരകൗശല മേഖലകൾ എന്നിവയിലും സ്ഥാപനം പ്രവർത്തിച്ചു. പകൽ കുടുംബത്തെ സഹായിക്കേണ്ടതിനാലോ ജോലിക്ക് പോകേണ്ടതിനാലോ സാധാരണ സ്കൂളുകളിൽ എത്താൻ കഴിയാത്ത കുട്ടികൾക്കായി രാത്രി സ്കൂളുകളും ആരംഭിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വയംപര്യാപ്തതാ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ബങ്കർ റോയിയുടെ വികസന കാഴ്ചപ്പാട്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഗ്രാമീണ സമൂഹങ്ങൾ പുറമേനിന്നുള്ള വിദഗ്ധരെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും സ്വന്തം അറിവും കഴിവും ഉപയോഗിച്ച് മാറ്റങ്ങൾ സൃഷ്ടിക്കാമെന്നും അദ്ദേഹം വിശ്വസിച്ചു.
Summary: Renowned social activist and Barefoot College founder Sanjit “Bunker” Roy died at the age of 81 at his home in Tilonia, Rajasthan. He spent over five decades promoting rural development, solar energy, education and women’s empowerment.




