കുടുംബസമേതമുള്ള യാത്രകൾക്ക് പ്രിയമേറുന്നു; ജെൻ സി, മില്ലേനിയൽ വിഭാഗങ്ങളിൽ 75% പേരും മൾട്ടി-ജനറേഷൻ ട്രാവലിന് താല്പര്യപ്പെടുന്നതായി റിപ്പോർട്ട് | Airbnb India survey
കൊച്ചി: ഇന്ത്യൻ കുടുംബങ്ങളുടെ അവധിക്കാല യാത്രാരീതികളിൽ മാറ്റം വരുന്നതായി എയർബിഎൻബിയുടെ പുതിയ സർവേ (Airbnb India survey). വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനപ്പുറം വിവിധ തലമുറകളിൽപ്പെട്ട കുടുംബാംഗങ്ങൾക്കൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനാണ് ഇന്നത്തെ യാത്രക്കാർ കൂടുതൽ താൽപ്പര്യപ്പെടുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.
ജെൻ സി, മില്ലേനിയൽ വിഭാഗങ്ങളിൽപ്പെട്ടവരിൽ 75 ശതമാനം പേരും വ്യത്യസ്ത തലമുറകളിലുള്ള ബന്ധുക്കൾക്കൊപ്പമുള്ള യാത്രകൾക്കാണ് മുൻഗണന നൽകുന്നത്. ഇത്തരം യാത്രകൾ കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഒരുമിച്ച് ഓർമ്മകൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്നുവെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായം.
55 ശതമാനം പേർ കുടുംബത്തോടൊപ്പമുള്ള യാത്രകൾ പുതിയ ഓർമ്മകൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. 52 ശതമാനം പേർ യാത്രകൾ ഒരുമിച്ച് ആസ്വദിക്കുന്നതിനും 51 ശതമാനം പേർ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇത്തരം യാത്രകൾ പ്രയോജനകരമാണെന്ന് ചൂണ്ടിക്കാട്ടി.
വലിയ കുടുംബങ്ങളായുള്ള യാത്രകൾ വർധിക്കുന്നു
വലിയ കുടുംബങ്ങളായുള്ള യാത്രകളോടുള്ള താൽപ്പര്യം എയർബിഎൻബിയുടെ പ്ലാറ്റ്ഫോമിലെ തിരയൽ വിവരങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. കുട്ടികളോ ശിശുക്കളോ ഉൾപ്പെടെ അഞ്ചോ അതിലധികമോ അംഗങ്ങളുള്ള ഗ്രൂപ്പുകൾ ആഭ്യന്തര താമസസൗകര്യങ്ങൾക്കായി നടത്തുന്ന തിരയലുകളിൽ വർഷംതോറും 55 ശതമാനത്തിലധികം വർധനവുണ്ടായതായാണ് കമ്പനിയുടെ കണക്ക്.
യാത്രയ്ക്കിടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം താമസസ്ഥലത്ത് കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനും വിശ്രമിക്കാനും 63 ശതമാനം പേർ ആഗ്രഹിക്കുന്നുണ്ട്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ഗെയിമുകൾ കളിക്കുക, സിനിമകൾ കാണുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും യാത്രക്കാർ പ്രാധാന്യം നൽകുന്നു.
പ്രകൃതിരമണീയമായ സ്ഥലങ്ങൾക്കും ഗ്രാമീണ മേഖലകൾക്കുമാണ് കുടുംബയാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കിടയിൽ കൂടുതൽ താൽപ്പര്യമെന്നും സർവേ സൂചിപ്പിക്കുന്നു. യാത്രയെ വെറുമൊരു വിനോദാനുഭവമായി കാണാതെ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള അവസരമായും പുതിയ തലമുറ കാണുന്നുവെന്നാണ് സർവേയിലെ കണ്ടെത്തലുകൾ.
Story Summary: A new Airbnb survey highlights changing holiday travel preferences among Indian families. Gen Z and millennials increasingly prefer trips with relatives across generations, focusing on quality time and strengthening family bonds. Searches for domestic stays by groups of five or more, including children and infants, have grown by over 55% year-on-year, according to Airbnb data.
