ഇറാനെതിരായ ആക്രമണം പുനരാരംഭിക്കണമെന്ന് നെതന്യാഹു ട്രംപിനെ ദിവസവും വിളിക്കുന്നതായി റിപ്പോർട്ട് | Netanyahu daily calls to Trump
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിശോധിക്കുന്നതിനിടെ, ഇറാനെതിരായ സൈനികാക്രമണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ ദിവസവും ബന്ധപ്പെടുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം തുടരുന്നതിനെ എതിർക്കുന്നവർ ഈ നീക്കത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതായും ചർച്ചകളെക്കുറിച്ച് അറിവുള്ള ഒരാളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. (Netanyahu daily calls to Trump)
അതേസമയം, യുദ്ധം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് മേഖലയിലെ അറബ് രാജ്യങ്ങളുടെ നിലപാട്. നവംബർ 3നും 6നും ഇറാനിലെ ഖേഷം ദ്വീപിന് നേരെ അമേരിക്കൻ മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങളെക്കുറിച്ച് നേരിട്ട് പ്രതികരിക്കാതിരുന്ന ട്രംപ്, ഇറാന്റെ വ്യോമപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട മറ്റൊരു സൈനിക നീക്കം സ്ഥിരീകരിച്ചിരുന്നു. ചെറിയ ആക്രമണങ്ങളിലൂടെ ഇറാന്റെ പ്രതിരോധ സംവിധാനം തകർത്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് നിയമനിർമാണ സഭയിലെ ഭൂരിപക്ഷം നഷ്ടമായതും ഇസ്രയേലിലെ രാഷ്ട്രീയ പ്രതിസന്ധിയും പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ സമ്മർദമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് പിന്നാലെ നെതന്യാഹുവിന് ഭരണസഖ്യം രൂപീകരിക്കാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ട്രംപും നെതന്യാഹുവും ഇറാനെതിരായ സഖ്യകക്ഷികളുടെ നീക്കങ്ങളെക്കുറിച്ച് സംസാരിച്ചതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തു. സംഭാഷണം തുറന്നതും വ്യക്തവുമായിരുന്നുവെന്നാണ് അമേരിക്കൻ ഭരണകൂട വൃത്തങ്ങൾ വിശേഷിപ്പിച്ചത്. ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉടൻ ഇറാനെതിരെ ആക്രമണം നടത്തണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകാനാണ് അമേരിക്കൻ ഭരണകൂടം തീരുമാനിച്ചതെന്നും ആക്സിയോസ് റിപ്പോർട്ടിലുണ്ട്. അതേസമയം, ഇറാന്റെ സൈനിക ശേഷി ഫലത്തിൽ അവസാനിച്ചുവെന്നും നിലവിലെ സ്ഥിതി നിലനിർത്താനാണ് അമേരിക്കയുടെ തീരുമാനമെന്നും ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
Summary: Israeli Prime Minister Benjamin Netanyahu is reportedly urging US President Donald Trump through daily calls to resume strikes on Iran. The pressure comes as Arab leaders push for diplomacy and Washington considers proposals to end the conflict.
