Skip to content
November 10, 2026
⌕

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്: ആറാം പതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ ആരംഭിച്ചു | Aster Guardians Global Nursing Award 2027

November 10, 2026
Share this post to
Aster Guardians Global Nursing Award 2027

കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ ആറാം പതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിച്ചുതുടങ്ങി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ (Aster Guardians Global Nursing Award 2027). ലോകമെമ്പാടുമുള്ള രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് ആരോഗ്യരംഗത്തിന് നൽകിയ സംഭാവനകൾക്ക് അംഗീകാരം നേടാനുള്ള അവസരമാണ് അവാർഡിലൂടെ ഒരുക്കുന്നത്. 2.5 ലക്ഷം യുഎസ് ഡോളറാണ് പുരസ്‌കാരത്തുക.

രോഗീപരിചരണം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസംരക്ഷണ മേഖലയിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനുമായി പ്രവർത്തിക്കുന്ന നഴ്സിങ് പ്രൊഫഷണലുകളെ ആദരിക്കുകയാണ് അവാർഡിന്റെ ലക്ഷ്യം. ലോകത്തെവിടെയുമുള്ള രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് നാമനിർദ്ദേശം സമർപ്പിക്കാം.

അഞ്ച് മേഖലകളിലെ സംഭാവനകൾ പരിഗണിക്കും

പേഷ്യന്റ് കെയർ, നഴ്സിങ് വിദ്യാഭ്യാസം, ഹെൽത്ത് കെയർ/പബ്ലിക് ഹെൽത്ത്, ഗവേഷണം/നവീകരണം/ആരോഗ്യരംഗത്തെ സംരംഭകത്വം, നഴ്സിങ് നേതൃത്വം/ഭരണനിർവഹണം എന്നീ അഞ്ച് മേഖലകളിലെ പ്രവർത്തനങ്ങളും അവയുടെ സ്വാധീനവുമാണ് അവാർഡിനായി പരിഗണിക്കുക. തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ രോഗികൾക്കും ആരോഗ്യസംവിധാനങ്ങൾക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ അവതരിപ്പിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും നഴ്സുമാർക്ക് ഇതിലൂടെ അവസരം ലഭിക്കും.

നഴ്സുമാരുടെ സേവനങ്ങളെ ആഗോളതലത്തിൽ അംഗീകരിക്കുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ 2021-ലാണ് അവാർഡ് ആരംഭിച്ചത്. 2026-ലെ പതിപ്പിലേക്ക് 214 രാജ്യങ്ങളിൽനിന്നായി 1.34 ലക്ഷത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു.

2027-ലെ പതിപ്പിലേക്കുള്ള അപേക്ഷകൾ www.asterguardians.com എന്ന വെബ്‌സൈറ്റ് വഴി ഇഷ്ടപ്പെട്ട ഭാഷയിൽ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 31 ആണ്.

അന്തിമ ജേതാവിനെ 2027 മെയിൽ പ്രഖ്യാപിക്കും

അവാർഡിന്റെ വിവിധ ഘട്ടങ്ങളിലുള്ള മൂല്യനിർണയം ഏണസ്റ്റ് ആൻഡ് യങ് എൽഎൽപിയുടെ സ്വതന്ത്ര മേൽനോട്ടത്തിലും അന്താരാഷ്ട്ര ഗ്രാൻഡ് ജൂറിയുടെ പങ്കാളിത്തത്തിലുമാണ് നടക്കുന്നത്. വിശദമായ വിലയിരുത്തലിനുശേഷം പത്ത് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. തുടർന്ന് 2027 മെയിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഗോള അവാർഡ് ദാന ചടങ്ങിൽ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും.

നഴ്സുമാർ നൽകുന്ന പരിചരണത്തിന് പുറമെ അവർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കും ശക്തിപ്പെടുത്തുന്ന ആരോഗ്യസംവിധാനങ്ങൾക്കും സമൂഹങ്ങളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾക്കും അംഗീകാരം നൽകുന്ന വേദിയൊരുക്കുകയാണ് അവാർഡിന്റെ ലക്ഷ്യമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആറാം പതിപ്പിലൂടെ കൂടുതൽ നഴ്സുമാരുടെ പ്രവർത്തനങ്ങളും സംഭാവനകളും ലോകത്തിന് മുന്നിലെത്തിക്കാനും അവർക്ക് അർഹമായ അംഗീകാരവും പ്രോത്സാഹനവും ഉറപ്പാക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ പതിപ്പിൽ പുരസ്‌കാരം മലയാളി നഴ്സിന്

കൊച്ചിയിൽ നടന്ന അഞ്ചാം പതിപ്പിൽ മലയാളിയായ ഡോ. അജിമോൾ പ്രദീപാണ് പുരസ്‌കാരം നേടിയത്. യുകെയിലെ കിങ്സ് കോളേജ് ഹോസ്പിറ്റലിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോർഡിനേറ്ററായും സാൽഫോർഡ് സർവകലാശാലയിൽ ഓണററി സീനിയർ ലക്ചററായും പ്രവർത്തിക്കുകയാണ് ഡോ. അജിമോൾ പ്രദീപ്.

Story Summary: Aster DM Healthcare has opened nominations for the sixth edition of the Aster Guardians Global Nursing Award, which carries a prize of USD 250,000. Registered nurses worldwide can apply across five areas, including patient care, nursing education, public health, research and innovation, and nursing leadership. Applications for the 2027 edition are open until December 31, 2026. The winner will be announced at a global ceremony in May 2027.

Get more updates from Pudukad News on Google