Skip to content
November 11, 2026
⌕

ശ്രീലങ്കയിൽ വനിതാ ടൂർ ഗൈഡിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് ഇസ്രായേലി സഞ്ചാരികൾ. ‘പ്രാങ്ക്’ വിഡിയോയ്ക്കെതിരെ ആഗോള പ്രതിഷേധം. ക്രൂരവിനോദമെന്ന് വിമർശനം. വെറും തമാശയെന്ന് വിനോദസഞ്ചാരികളുടെ വിചിത്ര വാദം, സുരക്ഷയിൽ ആശങ്ക

November 11, 2026
Share this post to

കൊളംബോ: ശ്രീലങ്കയിൽ ബോട്ട് സവാരിക്കിടെ വനിതാ ടൂർ ഗൈഡിനെ വിനോദസഞ്ചാരികളായ ഇസ്രായേലി യുവാക്കൾ വെള്ളത്തിലേക്ക് തള്ളിയിടുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ലോകമെമ്പാടും വ്യാപക പ്രതിഷേധം.

‘പ്രാങ്ക്’ എന്ന പേരിൽ അരങ്ങേറിയ ഈ അപകടകരമായ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളിലും വിനോദസഞ്ചാര മേഖലയിലും കടുത്ത രോഷമാണ് ഉയരുന്നത്.

യാത്രയ്ക്കിടയിൽ അല്പം മാറിനിന്ന് വെള്ളം കുടിച്ചുകൊണ്ടിരുന്ന വനിതാ ഗൈഡിനെ പിന്നിലൂടെയെത്തി അപ്രതീക്ഷിതമായി തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു.

ഗൈഡ് വെള്ളത്തിൽ വീഴുമ്പോൾ ബോട്ടിലുണ്ടായിരുന്ന മറ്റ് സഞ്ചാരികൾ ഉറക്കെ ചിരിക്കുന്നതും ഇതിന്റെ വീഡിയോ ക്യാമറയിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

വിനോദസഞ്ചാരത്തിനെത്തിയ യുവതിയുടെ ജീവനുപോലും ഭീഷണിയായേക്കാവുന്ന ഈ പ്രവൃത്തിയെ തികച്ചും ക്രൂരവും അപലപനീയവുമായ പെരുമാറ്റമായാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.

സംഭവത്തിനെതിരെ ആഗോളതലത്തിൽ വൻ വിമർശനങ്ങൾ ഉയർന്നതോടെ വിചിത്രമായ ന്യായീകരണവുമായി ഇസ്രായേലി ടൂറിസ്റ്റുകൾ രംഗത്തെത്തി. ഇതൊരു വെറും ‘തമാശ’ മാത്രമായിരുന്നുവെന്നും, തങ്ങൾ വെള്ളത്തിലേക്ക് തള്ളിയിടുമെന്ന് ഗൈഡിന് മുൻകൂട്ടി അറിയാമായിരുന്നു എന്നുമാണ് യുവാക്കൾ വാദിക്കുന്നത്. തങ്ങൾക്ക് ഉടൻതന്നെ ഇസ്രായേൽ സൈന്യത്തിൽ നിർബന്ധിത മിലിട്ടറി സർവീസിൽ ചേരേണ്ടതുണ്ടെന്നും, അതിനാൽ തങ്ങൾക്കെതിരെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ഇവർ പറയുന്നു.

അതേസമയം, സംഭവത്തിൽ വനിതാ ഗൈഡിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. അതിനാൽ ഇവരുടെ പൂർണ്ണ സമ്മതത്തോടെയാണോ ഈ പ്രവൃത്തി നടന്നതെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. വിനോദസഞ്ചാര മേഖലയിൽ ഉപജീവനത്തിനായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇത്തരം ക്രൂരമായ ‘തമാശകൾ’ക്കെതിരെ പ്രതികരിക്കാൻ ഭയവും പരിമിതികളും ഉണ്ടാകാറുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കൻ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (SLTDA) കർശനമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ജീവന് അപകടമുണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ ബോട്ടിൽ അരങ്ങേറിയത്. തമാശയുടെ മറവിൽ സഞ്ചാരികൾ നടത്തുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നിയമനടപടിയും സമഗ്ര അന്വേഷണവും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

Get more updates from Pudukad News on Google