ആനക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കോൺഗ്രസ്–ലീഗ് ചർച്ചകൾ വഴിമുട്ടി; സമവായ ഫോർമുല തേടി നേതൃത്വം

ആനക്കര: പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 16-ന് നടക്കാനിരിക്കെ, ആനക്കരയിൽ കോൺഗ്രസ്–മുസ്‌ലിം ലീഗ് തർക്കം രൂക്ഷമായി തുടരുന്നു. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾ സമവായത്തിലെത്താതെ വഴിമുട്ടിയതോടെ മുന്നണി നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ മുൻ പ്രസിഡന്റ് പി.എൻ. അംബികയെത്തന്നെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്ന കോൺഗ്രസിന്റെ കടുംപിടുത്തമാണ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണം. എന്നാൽ, അംബികയ്ക്ക് പകരം കോൺഗ്രസ് നിർദേശിക്കുന്ന മറ്റേതെങ്കിലും അംഗത്തെ പ്രസിഡന്റാക്കാൻ പൂർണ പിന്തുണ നൽകാമെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയെങ്കിലും ഈ നിർദേശം അംഗീകരിക്കാൻ കോൺഗ്രസ് തയാറായില്ല.
മുൻ ഭരണകാലത്ത് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ലീഗിനെ അവഗണിക്കുകയും, ബി.ജെ.പി അംഗത്തിന്റെ പിന്തുണ തേടുകയും അവർക്ക് അമിത പരിഗണന നൽകുകയും ചെയ്തുവെന്നാണ് പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ പ്രധാന ആക്ഷേപം.
മുന്നണി മര്യാദകൾ ലംഘിച്ച മുൻ പ്രസിഡന്റിനെ വീണ്ടും അതേ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ലീഗ് അണികളിൽ കടുത്ത അമർഷമുണ്ട്. സ്വന്തം പിന്തുണയോടെ അവിശ്വാസത്തിലൂടെ പുറത്താക്കിയ വ്യക്തിയെ വീണ്ടും അവരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, അംബികയെ മാറ്റിനിർത്തിയാൽ മാത്രമേ വിട്ടുവീഴ്ചയുള്ളൂവെന്നും ലീഗ് നേതൃത്വം ഉറപ്പിച്ചു പറയുന്നു.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇരുപാർട്ടികളും നിലപാടിൽ മാറ്റമില്ലാതെ ഉറച്ചുനിൽക്കുന്നത് യു.ഡി.എഫ് മുന്നണിയിൽ വലിയ ആശങ്ക പടർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലെ ചർച്ചകളിൽ പുതിയൊരു സമവായ ഫോർമുല കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പ്രശ്നം മുന്നണി ബന്ധത്തെത്തന്നെ സാരമായി ബാധിക്കുമെന്ന അവസ്ഥയാണുള്ളത്.




