Skip to content
November 12, 2026
⌕

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍

November 12, 2026
Share this post to

കൊച്ചി / മുംബൈ: കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യുറേറ്റോറിയൽ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യ ചടങ്ങ് മുംബൈയിൽ സംഘടിപ്പിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെ.ബി.എഫ്) സംഘടിപ്പിക്കുന്ന ചടങ്ങിൽ ഏഴാം പതിപ്പിന്റെ ക്യുറേറ്ററായ കദെർ അത്തിയ കാഴ്ചപ്പാടുകൾ വിശദീകരിക്കും.

മുംബൈ ഫോർട്ടിലെ സി.എസ്.എം.വി.എസ് മ്യൂസിയത്തിൻ്റെ (ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ) മെയിൻ ലോണില്‍ നവംബർ 14, വൈകിട്ട് 6:30നാണ് പരിപാടി നടക്കുന്നത്. തുടർന്ന് പ്രശസ്ത സമകാലിക കലാകാരനും കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റുമായ ജിതീഷ് കല്ലാട്ടും കദെർ അത്തിയയും തമ്മിലുള്ള സംഭാഷണവും ഉണ്ടായിരിക്കും.

അൾജീരിയൻ-ഫ്രഞ്ച് കലാകാരനും ക്യുറേറ്ററുമായ കദെർ അത്തിയ ഹാംബർഗിലെ എച്ച്.എഫ്.ബി.കെയിൽ ടൈം-ബേസ്ഡ് മീഡിയ പ്രൊഫസറാണ്. ചരിത്രം, ഓർമ്മകൾ, വീണ്ടെടുപ്പുകൾ, കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ളതാണ് അത്തിയയുടെ കലാപ്രവർത്തനങ്ങൾ.

കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പായ ‘വേൾഡ് എക്സ്പ്ലൊറേഷൻസി’ന്റെ ക്യുറേറ്ററായിരുന്ന ജിതീഷ് കല്ലാട്ട്, ഇന്ത്യയിലെ പ്രമുഖ സമകാലിക കലാകാരന്മാരിൽ ഒരാളാണ്. ശാസ്ത്രം, ചരിത്രപരമായ ഓർമ്മകൾ, അസ്തിത്വപരമായ അന്വേഷണങ്ങൾ എന്നിവയുടെ കൂടിച്ചേരലുകളും പ്രപഞ്ചത്തിൽ മനുഷ്യന്റെ അര്‍ഥവത്തായ സാന്നിധ്യത്തെക്കുറിച്ചുള്ള ചിന്തകളുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികളുടെ കാതൽ.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ രണ്ടു വർഷത്തിലൊരിക്കൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ, ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സമകാലിക കലാമേളയാണ്. 2027 ഡിസംബർ 12-ന് ആരംഭിക്കുന്ന ഏഴാം പതിപ്പിന്റെ പ്രമേയങ്ങളെയും ക്യുറേറ്റോറിയൽ ആശയങ്ങളെയും കുറിച്ച് സമഗ്രമായ ഉൾക്കാഴ്ച നൽകുന്നതായിരിക്കും മുംബൈയിൽ നടക്കുന്ന പരിപാടി.

Get more updates from Pudukad News on Google