
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനെ ബൈക്കിടിച്ച് വീഴ്ത്തി 40 പവൻ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ കരമന പോലീസ് പിടികൂടി. പള്ളിച്ചൽ അരിക്കടമുക്ക് സ്വദേശി ഷാനവാസ് (26), പഴയ രാജപാത സ്വദേശി കൃഷ്ണൻ (23) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ നീറമൺകര ദേശീയപാതയിലായിരുന്നു സംഭവം നടന്നത്.
കരമനയിലെ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും 40 പവനിലധികം സ്വർണാഭരണങ്ങളുമായി സ്കൂട്ടറിൽ വരികയായിരുന്ന ജീവനക്കാരൻ രാകേഷ് തമ്പിയെ പ്രതികൾ ബൈക്കിൽ പിന്തുടരുകയായിരുന്നു. നീറമൺകരയിൽ വെച്ച് രാകേഷിന്റെ സ്കൂട്ടറിൽ മനഃപൂർവം ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. എന്നാൽ റോഡിൽ വീണുകിടന്നിട്ടും ബാഗിൽ പിടിമുറുക്കിയ രാകേഷ് പ്രതികളെ പ്രതിരോധിക്കുകയായിരുന്നു.
നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പോലീസും ഓടിയെത്തിയതോടെ ഷാനവാസ് പിടിയിലായി. ബൈക്കിൽ രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന കൃഷ്ണനെ ബുധനാഴ്ച പേരൂർക്കടയിൽ നിന്നാണ് കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്വർണം കൊണ്ടുപോകുന്ന വിവരം മുൻകൂട്ടി അറിഞ്ഞാണ് പ്രതികൾ കവർച്ചാ പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
The post ബൈക്കിടിച്ച് വീഴ്ത്തി സ്വർണം തട്ടിയെടുക്കാൻ ശ്രമം; പ്രതികൾ പിടിയിൽ appeared first on Express Kerala.



