Skip to content
November 15, 2026
⌕

മധുര തനിഷ്‌ക് ജ്വല്ലറി മോഷണം: സംശയനിഴലിൽ 25കാരനായ യൂട്യൂബറും ബൈക്ക് ടാക്സി ഡ്രൈവറും | Madurai Tanishq jewellery theft

November 14, 2026
Share this post to
Madurai Tanishq jewellery theft

മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽ നിന്ന് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ 25കാരനായ ബൈക്ക് ടാക്സി ഡ്രൈവറിലേക്ക് അന്വേഷണം നീളുന്നതായി സൂചന. മധുര സ്വദേശിയായ ഇയാൾ യൂട്യൂബറുമാണെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മോഷണം പോയ സ്വർണം കണ്ടെത്താനായില്ല. പൊലീസ് എത്തിയപ്പോൾ യുവാവ് വീട്ടിലുണ്ടായിരുന്നില്ല. (Madurai Tanishq jewellery theft)

മോഷണത്തിന് മുമ്പ് ഇയാൾ മൂന്ന് തവണ ജ്വല്ലറിയിലെത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. ഓരോ തവണയും വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നതെങ്കിലും ഒരേ തൊപ്പി ഉപയോഗിച്ചതായി കണ്ടെത്തി. നവംബർ അഞ്ചിന് പുലർച്ചെ ഇയാൾ ജ്വല്ലറിയിലെത്തിയത് മോഷണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പുലർച്ചെ സ്കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്ന ഇയാളുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മധുര ബൈപാസ് റോഡിലുള്ള പുതിയ തനിഷ്‌ക് ഷോറൂമിൽ നിന്നാണ് 20 കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്നത്. മുഖംമൂടി ധരിച്ച മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി ഷോറൂമിനുള്ളിൽ കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കെട്ടിടത്തിൽ വയറിങ് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികൾ നടന്നുവരികയായിരുന്നു. മോഷണം പോയത് ഡിസ്പ്ലേ വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണെന്നും ലോക്കറുകളിലെ സ്വർണം സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിയിച്ചത്. സുരക്ഷാ ജീവനക്കാർ പുറത്തുണ്ടായിരുന്നിട്ടും മോഷ്ടാവ് എങ്ങനെ അകത്തുകടന്നുവെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കറുത്ത ബാഗും ട്രോളി ബാഗുമായി മുഖംമൂടിയും കയ്യുറകളും ധരിച്ച ഒരാൾ പ്രദേശത്തുകൂടി പോകുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാൾ സഞ്ചരിച്ച വഴി കണ്ടെത്താൻ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്നും പെട്രോൾ പമ്പുകളിൽനിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്. ഫോറൻസിക് വിദഗ്ധരും പൊലീസ് നായയും ഷോറൂമിലെത്തി പരിശോധന നടത്തി. ജീവനക്കാർ, എൻജിനീയർമാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ തുടങ്ങിയവരെയും ചോദ്യം ചെയ്തുവരികയാണ്.

Summary: Police investigating the theft of 20 kg of gold jewellery from a Tanishq showroom in Madurai are focusing on a 25-year-old bike taxi driver and YouTuber. CCTV footage reportedly shows him visiting the showroom three times before the theft, but the stolen jewellery has not yet been recovered.

Get more updates from Pudukad News on Google