
കുവൈത്ത്: വിപണി വിലയേക്കാൾ പകുതി വിലയ്ക്ക് വ്യാജ അമേരിക്കൻ ഡോളറുകൾ വിൽപന നടത്തുന്ന തട്ടിപ്പ് സംഘത്തെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. ഫർവാനിയ, ജലീബ് അൽ ഷുയൂഖ് എന്നിവിടങ്ങളിൽ നിന്നായി ആറ് സിറിയൻ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1,30,000 വ്യാജ അമേരിക്കൻ ഡോളറുകൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കണ്ടെടുത്തു.
ഒരു കുവൈത്ത് സ്വദേശി നൽകിയ പരാതിയാണ് കേസിൽ നിർണ്ണായകമായത്. 50,000 അമേരിക്കൻ ഡോളർ വെറും 7,000 കുവൈത്ത് ദിനാറിന് (യഥാർത്ഥ വിലയുടെ പകുതിയോളം) നൽകാമെന്ന് പറഞ്ഞ് സംഘം ഇയാളെ വിശ്വസിപ്പിക്കുകയായിരുന്നു. ലാഭം മോഹിച്ച് പണം വാങ്ങിയ ഇദ്ദേഹം ബാങ്കിലെത്തി മാറ്റാൻ ശ്രമിച്ചപ്പോഴാണ് തന്റെ കൈയിലുള്ളത് വെറും വ്യാജനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
Also Read: കുവൈത്തിൽ ഇതുവരെ 1400ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്
ഇറാഖിൽ നിന്ന് ജോർദാൻ വഴി ട്രക്ക് ഡ്രൈവർമാർ മുഖേനയാണ് ഈ വ്യാജ നോട്ടുകൾ കുവൈത്തിലേക്ക് കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. നോട്ടുകൾ എത്തിക്കുന്നതിനായി ഡ്രൈവർമാർക്ക് പ്രത്യേക കമ്മീഷനും നൽകിയിരുന്നു. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിദേശ കറൻസികൾ വാഗ്ദാനം ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
The post പകുതി വിലയ്ക്ക് ഡോളർ, സ്വദേശിക്ക് കിട്ടിയത് ‘കടലാസ്’; കുവൈത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ appeared first on Express Kerala.



