Skip to content
November 16, 2026
⌕

മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് MLA, മത്സരിക്കാൻ വെല്ലുവിളി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ | Uttarakhand Congress MLA

November 15, 2026
Share this post to
Uttarakhand Congress MLA

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ നടന്ന ജൗൾജിബി മേളയുടെ ഉദ്ഘാടന വേദിയിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ സാന്നിധ്യത്തിൽ തനിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് ധാർചുലയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹരീഷ് സിംഗ് ധാമി വേദിയിലെ മൈക്ക് വലിച്ചെറിയുകയും സൗണ്ട് ജീവനക്കാരുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു.(Uttarakhand Congress MLA Throws Microphone Challenges CM Pushkar Singh Dhami)

ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബഹളത്തിനിടെ വേദിയിലെ കസേരകളും മറ്റ് ഉപകരണങ്ങളും വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ കാളി, ഗോരി നദികളുടെ സംഗമസ്ഥാനത്ത് നടക്കുന്ന പ്രശസ്തമായ ജൗൾജിബി മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഘർഷമുണ്ടായത്. മുഖ്യമന്ത്രി പോയതിന് ശേഷം താൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സമ്മർദ്ദത്തെ തുടർന്ന് സൗണ്ട് സിസ്റ്റം ഓഫ് ചെയ്തതായി ഹരീഷ് ധാമി ആരോപിച്ചു. ധാർചുലയെ പ്രതിനിധീകരിക്കുന്ന എംഎൽഎ എന്ന നിലയിൽ തനിക്ക് വേദിയിൽ സംസാരിക്കാൻ അവകാശമില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

മണ്ഡലത്തിലെ വികസന മുരടിപ്പും റോഡുകളുടെ ശോച്യാവസ്ഥയും ചൂണ്ടിക്കാണിക്കാനാണ് താൻ ശ്രമിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി. 2022-ൽ മേള നഗരിയുടെ സൗന്ദര്യവൽക്കരണത്തിനായി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ഇതുവരെ നടപ്പിലായിട്ടില്ലെന്നും, രണ്ട് ദിവസം മുൻപ് റോഡപകടത്തിൽ എട്ട് വയസ്സുകാരൻ മരിക്കാനിടയായ സാഹചര്യം ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഭയപ്പെടാനോ തലകുനിക്കാനോ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഹരീഷ് ധാമി, ധൈര്യമുണ്ടെങ്കിൽ 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധാർചുല മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ പരസ്യമായി വെല്ലുവിളിച്ചു. പാർട്ടി അനുമതി നൽകിയാൽ മുഖ്യമന്ത്രി മത്സരിക്കുന്ന ഏത് മണ്ഡലത്തിലും അദ്ദേഹത്തിനെതിരെ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ തനിക്ക് എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ മണ്ഡലത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും, എന്നാൽ പ്രാദേശിക ജനപ്രതിനിധിയെ അപമാനിക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എംഎൽഎയ്ക്ക് പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പ്രോട്ടോക്കോൾ പ്രകാരം സ്ഥലം എംഎൽഎയ്ക്ക് സംസാരിക്കാൻ അവസരം നൽകേണ്ടതുണ്ടെന്നും, എന്നാൽ അത് ലംഘിക്കപ്പെട്ടുവെന്നും കോൺഗ്രസ് വക്താവ് ഗരിമ ദസൗനി കുറ്റപ്പെടുത്തി.

Story Summary

High drama unfolded at the Jauljibi fair in Uttarakhand’s Pithoragarh district when Congress MLA Harish Singh Dhami threw a microphone and clashed with sound staff on stage, alleging his mic was turned off to prevent him from raising constituency issues after Chief Minister Pushkar Singh Dhami departed. Challenging the Chief Minister to contest against him in the 2027 Assembly elections, the MLA accused the government of failing to fulfill development promises, while the Congress party condemned the incident as a breach of official protocol.

Get more updates from Pudukad News on Google