ബഹ്റൈന് നേരെ വ്യോമാക്രമണം നടത്തി ഇറാൻ : അമേരിക്കയുമായുള്ള കണക്കുതീർക്കാൻ തങ്ങളുടെ മണ്ണ് ഉപയോഗിക്കരുതെന്ന് ബഹ്റൈൻ | Bahrain Intercepts Iranian Attacks

മനാമ: ഗൾഫ് മേഖലയിൽ യുദ്ധഭീതി ശക്തമാക്കി ബഹ്റൈന് നേരെ ഇറാന്റെ വ്യോമാക്രമണം. ഇറാൻ നടത്തിയ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി ബഹ്റൈൻ സൈന്യം അറിയിച്ചു. ബഹ്റൈനെതിരെയുള്ള ഇറാന്റെ ഈ നീക്കത്തെ “വഞ്ചനാപരമായ ആക്രമണം” എന്നാണ് സൈന്യം വിശേഷിപ്പിച്ചത്.(Bahrain Intercepts Iranian Attacks And Condemns Violation Of Sovereignty)
അമേരിക്കയുമായുള്ള തർക്കങ്ങളും കണക്കുകളും തീർക്കാൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ വ്യക്തമാക്കി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ യാതൊരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണങ്ങളുടെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും ബഹ്റൈൻ മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച ബഹ്റൈനിലെ അമേരിക്കൻ ഏർലി വാണിംഗ് റഡാർ കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ അന്ന് ഇറാൻ അയച്ച രണ്ട് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായാണ് ബഹ്റൈൻ വ്യക്തമാക്കിയത്. അതേസമയം, “യുദ്ധവുമില്ല സമാധാനവുമില്ല” എന്ന നിലവിലെ സാഹചര്യത്തിൽ ഇറാൻ തുടരില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. അമേരിക്ക ഏതെങ്കിലും തരത്തിലുള്ള തെറ്റായ നീക്കങ്ങൾ നടത്തിയാൽ സംഘർഷത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി ഇനിയും വിപുലമാക്കുമെന്നും, അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
Story Summary
Bahrain’s military announced that its air defence systems intercepted and destroyed Iranian aerial attacks, condemning Tehran’s actions as “systematic aggression.” Bahrain’s Foreign Ministry stated it rejects the use of its territory to settle scores with the US, while Iran’s Parliament Speaker warned of expanding the conflict’s geographical scope if Washington makes a mistake.




