മധ്യപ്രദേശിൽ ടൈഗർ റിസർവ്വ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ ലോകായുക്ത റെയ്ഡ്: 2.5 കിലോ സ്വർണ്ണവും 26 ലക്ഷം രൂപയും ഉൾപ്പെടെ 7.6 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു | Madhya Pradesh Lokayukta

ഭോപ്പാൽ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മധ്യപ്രദേശിലെ സത്പുര ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവ് കുമാർ ശർമ്മയുടെ വസതികളിൽ ലോകായുക്ത നടത്തിയ പരിശോധനയിൽ 7.6 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി. ശനിയാഴ്ച നടന്ന റെയ്ഡിൽ 26.36 ലക്ഷം രൂപ പണമായും, 3.5 കോടി രൂപ വിലമതിക്കുന്ന 2.5 കിലോ സ്വർണ്ണവും, ഏകദേശം 2.9 ലക്ഷം രൂപ വിലവരുന്ന 1.6 കിലോ വെള്ളിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.(Madhya Pradesh Lokayukta Seizes Gold Cash And Disproportionate Assets From Forest Officer)
ലോകായുക്ത ഭോപ്പാൽ ഡിവിഷൻ സംഘം നർമ്മദാപുരം ജില്ലയിലെ ശർമ്മയുടെ സർക്കാർ ക്വാർട്ടേഴ്സിലും ഓഫീസിലും, ചിന്ദ്വാര ജില്ലയിലെ സ്വകാര്യ വസതിയിലും ഒരേസമയം പരിശോധന നടത്തുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത ശേഷമാണ് കോടതി വാറണ്ടോടെ പരിശോധന നടത്തിയത്. ഇയാളുടെ ഭാര്യയുടെയും മറ്റ് സ്വകാര്യ വ്യക്തികളുടെയും പേരിലും വൻതോതിൽ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പരിശോധനയിൽ ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന ‘ഇക്കോടെൽ റിസോർട്ട്’, 1 കോടി രൂപ മതിപ്പുവിലയുള്ള ‘സെറീനിറ്റി ദി വില്ല’ എന്നീ രണ്ട് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ രേഖകളും കണ്ടെത്തി. ഇവയുടെ കൃത്യമായ മൂല്യനിർണ്ണയം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുപുറമെ 28 ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര കെ.യു.വി, റോയൽ എൻഫീൽഡ് ബുള്ളറ്റ്, സ്കൂട്ടർ എന്നിവയുൾപ്പെടെ 31.2 ലക്ഷം രൂപ വിലവരുന്ന വാഹനങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വീട്ടുപകരണങ്ങളും പരിശോധനയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ ഇയാളുടെ വരുമാനത്തേക്കാൾ 228 ശതമാനം അധിക സ്വത്ത് കണ്ടെത്തിയതായി കരുതിയിരുന്നെങ്കിലും, റെയ്ഡിന് ശേഷമുള്ള കണക്കെടുപ്പിൽ ഇത് 560 ശതമാനത്തോളം ഉയർന്നതായാണ് ലോകായുക്തയുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ രേഖകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം അനധികൃത സ്വത്തിന്റെ മൂല്യം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary
The Madhya Pradesh Lokayukta seized disproportionate assets worth ₹7.6 crore, including ₹26.36 lakh in cash, 2.5 kg of gold, and 1.6 kg of silver, during raids on premises linked to Satpura Tiger Reserve Assistant Director Sanjeev Kumar Sharma. Searches across Narmadapuram and Chhindwara also uncovered luxury resorts, vehicles, and documents for 28 land deals, revealing wealth estimated at 560 percent above his known income.




