മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള തോട്ടപ്പാടിയിലാണ് ദാരുണ സംഭവം. ഞായറാഴ്ച ഉച്ചയോടെ മീൻ പിടിക്കാൻ പോയ കുട്ടികളെ തിങ്കളാഴ്ച രാവിലെയാണ് തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇമ്മാനുവൽ (11), സാം എബ്രഹാം (9), രാജ (14) എന്നിവരാണ് മരിച്ചത്. ഇമ്മാനുവലും സാം എബ്രഹാമും സഹോദരങ്ങളാണ്. രാജ ഇവരുടെ സുഹൃത്താണ്. മൂവരും ഒരുമിച്ചാണ് പ്രദേശത്തെ തടാകത്തിൽ മീൻ പിടിക്കാൻ പോയത്. കുട്ടികൾ തിരിച്ചെത്താതായതോടെ ആശങ്കയിലായ വീട്ടുകാർ തിരച്ചിൽ ആരംഭിക്കുകയും ഞായറാഴ്ച വൈകുന്നേരം പൊലീസിൽ പരാതി നൽകുകയും ചെയ്തു.
തുടർന്ന് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തിങ്കളാഴ്ച രാവിലെ തടാകത്തിൽ നിന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മീൻ പിടിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണ നടപടികളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.




