Skip to content
November 17, 2026
⌕

വിവാദങ്ങൾക്കിടെ നീക്കം ചെയ്ത എൻവിഡിയ സ്മാരക ഫലകം ഡെന്നീസ് റെസ്റ്റോറന്റിൽ വീണ്ടും സ്ഥാപിക്കുന്നു | Nvidia founding plaque

November 16, 2026
Share this post to
Nvidia founding plaque

എൻവിഡിയയുടെ തുടക്കവുമായി ബന്ധപ്പെട്ട് കാലിഫോർണിയയിലെ ഡെന്നീസ് റെസ്റ്റോറന്റിൽ സ്ഥാപിച്ചിരുന്ന സ്മാരക ഫലകം താൽക്കാലികമായി നീക്കം ചെയ്തതിന് പിന്നാലെ വീണ്ടും സ്ഥാപിക്കാൻ തീരുമാനം. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ്ങിനെതിരെ ഉയർന്ന വ്യക്തിപരമായ ആരോപണങ്ങൾക്കിടെയാണ് ഫലകം നീക്കം ചെയ്തത്. എന്നാൽ തീരുമാനം പിന്നീട് തിരുത്തുകയായിരുന്നു.
അമേരിക്കയിലെ സാൻ ജോസിലുള്ള ഡെന്നീസ് റെസ്റ്റോറന്റിലാണ് ഫലകവും ചിത്രങ്ങളും സ്ഥാപിച്ചിരുന്നത്. 1993ൽ എൻവിഡിയ സ്ഥാപിക്കുന്നതിലേക്ക് നയിച്ച ആശയത്തെക്കുറിച്ച് ഹുവാങ്ങും സഹസ്ഥാപകരായ ക്രിസ് മലാചോവ്‌സ്‌കിയും കർട്ടിസ് പ്രീമും ആദ്യമായി ചർച്ച ചെയ്തത് ഈ റെസ്റ്റോറന്റിലെ ഒരു ബൂത്തിലിരുന്നാണ്. 2023 സെപ്റ്റംബർ 26ന് നടന്ന ചടങ്ങിൽ ഹുവാങ്ങും ഡെന്നീസിന്റെ അന്നത്തെ സിഇഒ കെല്ലി വലാഡെയും പങ്കെടുത്തിരുന്നു. (Nvidia founding plaque)

വെള്ളിയാഴ്ച റെസ്റ്റോറന്റിലെത്തിയവർ ഫലകവും ചിത്രങ്ങളും നീക്കം ചെയ്ത നിലയിലാണ് കണ്ടത്. ചുമരിൽ ഫലകം ഉണ്ടായിരുന്ന ഭാഗത്ത് പെയിന്റ് അടർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. റെസ്റ്റോറന്റിലെ ജീവനക്കാരൻ നൽകിയ വിവരമനുസരിച്ച് മാനേജ്മെന്റിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. എന്നാൽ ഡെന്നീസിന്റെ കോർപ്പറേറ്റ് നേതൃത്വവുമായി ചർച്ച നടത്താതെയാണ് ഫലകം നീക്കം ചെയ്തതെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. പിന്നാലെ ഫലകം പുനഃസ്ഥാപിക്കുമെന്ന് ഡെന്നീസ് ഔദ്യോഗികമായി അറിയിച്ചു. എൻവിഡിയയുടെ തുടക്കത്തിന് വഴിയൊരുക്കിയ ചർച്ചകൾ നടന്നത് ഡെന്നീസിലാണെന്നും ആ ചരിത്രം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. കൗമാരപ്രായത്തിൽ പോർട്ട്‌ലൻഡിലെ ഡെന്നീസ് റെസ്റ്റോറന്റിൽ പാത്രം കഴുകുന്ന ജോലിയും വെയിറ്റർ ജോലിയും ചെയ്തിട്ടുണ്ടെന്ന് ഹുവാങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാൻ ജോസിലെ റെസ്റ്റോറന്റിൽ സഹസ്ഥാപകരുമായി നടത്തിയ ചർച്ചകളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഹുവാങ്ങിനെതിരെ അടുത്തിടെ ഉയർന്ന വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളാണ് വിവാദത്തിന് പിന്നിൽ. ആലിസ് ഹുവാങ് എന്ന വ്യവസായിയുമായുള്ള ബന്ധത്തെക്കുറിച്ചും എൻവിഡിയയിലെ വൈസ് പ്രസിഡന്റ് കിംബർലി പവലുമായുള്ള ബന്ധത്തെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആലിസ് ഹുവാങ്ങിന് ചൈനീസ് ചാരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന സംശയം യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ആരോപിക്കപ്പെടുന്ന ബന്ധം ദേശീയ സുരക്ഷയെയോ കമ്പനിയുടെ രഹസ്യവിവരങ്ങളെയോ ബാധിച്ചുവെന്ന് കരുതാൻ കാരണമില്ലെന്നാണ് എൻവിഡിയയുടെ പ്രതികരണം.

Summary: Denny’s has decided to reinstall a plaque commemorating Nvidia’s origins at its San Jose restaurant after briefly removing it amid controversy surrounding CEO Jensen Huang. The plaque marks the booth where Huang and his co-founders discussed the idea that led to Nvidia’s creation in 1993.

Get more updates from Pudukad News on Google