ദുരൂഹ ബഹിരാകാശ വസ്തു ഛിന്നഗ്രഹമല്ലെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞൻ; നാസയുടെ നിലപാടിന് വിരുദ്ധമായ വാദം | 1998 KY26 space object

ബഹിരാകാശത്ത് സഞ്ചരിക്കുന്ന 1998 KY26 എന്ന ദുരൂഹ വസ്തുവിന്റെ സ്വഭാവത്തെച്ചൊല്ലി ശാസ്ത്രലോകത്ത് പുതിയ ചർച്ച. ഇത് ഒരു സാധാരണ ഛിന്നഗ്രഹമാണെന്ന നാസ മേധാവിയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞൻ അവി ലോബ് രംഗത്തെത്തി (1998 KY26 space object). വസ്തു ഛിന്നഗ്രഹമല്ലെന്നും അതിന്റെ ചലനത്തിൽ അസാധാരണതകളുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ഏകദേശം 36 അടി മാത്രം വ്യാസമുള്ള ഈ വസ്തു 1988ൽ ചൊവ്വാ ദൗത്യത്തിനിടെ ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ട സോവിയറ്റ് ബഹിരാകാശ പേടകമായ ഫോബോസ് 1 ആയിരിക്കാമെന്നാണ് ലോബിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം മുന്നോട്ടുവയ്ക്കുന്ന ഒരു സാധ്യത. വസ്തുവിന്റെ സൂര്യപ്രകാശ പ്രതിഫലനവും ഭ്രമണരീതിയും നഷ്ടപ്പെട്ട പേടകത്തിന്റെ മാതൃകയുമായി താരതമ്യം ചെയ്തപ്പോഴാണ് സമാനതകൾ കണ്ടെത്തിയതെന്നാണ് ഗവേഷകരുടെ വിശദീകരണം.
വസ്തുവിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ 52 ശതമാനത്തോളം പ്രതിഫലിക്കുന്നതായും ഏകദേശം 5.35 മിനിറ്റിൽ ഒരു തവണ സ്വയം കറങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഗുരുത്വാകർഷണത്തിന് മാത്രം വിശദീകരിക്കാനാകാത്ത രീതിയിൽ വസ്തുവിന് ത്വരണം സംഭവിക്കുന്നതും ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതാണ് വസ്തുവിന്റെ സ്വഭാവത്തെക്കുറിച്ച് സംശയങ്ങൾക്ക് ഇടയാക്കുന്നത്. എന്നാൽ ഇത് ഛിന്നഗ്രഹമല്ലാതെ മറ്റൊന്നാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാന്റെ നിലപാട്. ഇതിന് മറുപടിയായാണ് ഗുരുത്വാകർഷണത്തിന് പുറമേ മറ്റൊരു ശക്തി വസ്തുവിനെ മുന്നോട്ട് തള്ളുന്നുണ്ടെന്നും അതിനാൽ സാധാരണ പാറക്കഷണമായ ഛിന്നഗ്രഹമെന്ന വിശേഷണം ശരിയല്ലെന്നും ലോബ് വാദിച്ചത്.
മറ്റു ചില ശാസ്ത്രജ്ഞർ ഇത് പ്രകൃതിദത്തമായ ഛിന്നഗ്രഹമാണെന്നാണ് കരുതുന്നത്. ധൂമകേതുവിന്റെ സ്വഭാവമുള്ള ‘ഡാർക്ക് കോമറ്റ്’ ആകാമെന്ന മറ്റൊരു സിദ്ധാന്തവുമുണ്ട്. എന്നാൽ ധൂമകേതുക്കളിൽ സാധാരണ കാണുന്ന വാതക പുറന്തള്ളലോ പൊടിപടലങ്ങളടങ്ങിയ വാലോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലോബ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, 1998 KY26 ഭൂമിക്ക് നിലവിൽ അറിയപ്പെടുന്ന ഭീഷണിയല്ലെന്നും നിരീക്ഷണം തുടരുകയാണെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.
Summary: Harvard astrophysicist Avi Loeb has challenged NASA’s view that 1998 KY26 is an ordinary asteroid. His team suggests it could potentially be the lost Soviet spacecraft Phobos 1, citing unusual acceleration and reflective properties, although other scientists favour natural explanations.




