ബാറ്റ ഇന്ത്യയ്ക്ക് രണ്ടാം പാദത്തിൽ 7.5% വരുമാന വളർച്ച; അറ്റാദായത്തിൽ 31% വർധന | Bata India Q2 results

കൊച്ചി: പാദരക്ഷാ നിർമാതാക്കളായ ബാറ്റ ഇന്ത്യ നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു (Bata India Q2 results). സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ 861.8 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 801.3 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 7.5 ശതമാനത്തിലധികം വളർച്ചയുണ്ടായി.
ഉയർന്ന ശരാശരി വിൽപ്പന വിലയുടെ പിന്തുണയോടെ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭവും ഉയർന്നു. രണ്ടാം പാദത്തിൽ 18 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേ പാദത്തിലെ 13.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 31 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.
ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികൾക്കനുസരിച്ചുള്ള നൂതന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും വിൽപ്പന ശൃംഖല വിപുലീകരിക്കുന്നതിനും കമ്പനി നൽകുന്ന പ്രാധാന്യമാണ് മികച്ച പ്രകടനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
വരാനിരിക്കുന്ന ഉത്സവകാല സീസണിലും വളർച്ചാ മുന്നേറ്റം തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബാറ്റ ഇന്ത്യ. ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലും വിപണി വിപുലീകരണത്തിലുമുള്ള ശ്രദ്ധ തുടരുമെന്നും കമ്പനി വ്യക്തമാക്കി.
Story Summary:
Bata India reported revenue of ₹861.8 crore in the second quarter ended September 30, registering growth of over 7.5% year-on-year. Net profit increased by more than 31% to ₹18 crore, supported by higher average selling prices.




