
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുന്നു. ബേപ്പൂരിൽ ആര് വന്ന് മത്സരിച്ചാലും വിജയം എൽഡിഎഫിനായിരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് പിന്തുണയോടെ ബേപ്പൂരിൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബേപ്പൂരിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അധികാരം യുഡിഎഫിനുണ്ടെന്നും വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും എവിടെയും മത്സരിക്കാമെന്നും റിയാസ് പറഞ്ഞു. എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മുഹമ്മദ് റിയാസ് പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പി.വി. അൻവറിനെ ഇറക്കി അട്ടിമറി വിജയം നേടാൻ കോഴിക്കോട് ഡിസിസി സമ്മർദ്ദം ചെലുത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കിൽ കേരളം ഉറ്റുനോക്കുന്ന ഒരു തീപ്പൊരി പോരാട്ടത്തിനാകും ബേപ്പൂർ സാക്ഷ്യം വഹിക്കുക.
Also Read: ഷാനിമോൾ ഉസ്മാൻ സി.പി.എമ്മിലേക്കോ? സൈബർ ലോകത്തെ ചർച്ചകളിൽ മറുപടി; ആ പ്രചാരണം വ്യാജം!
സിപിഐഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ കരുത്താണ് പാർട്ടിയെന്നും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
The post ബേപ്പൂരിൽ റിയാസും അൻവറും നേർക്കുനേർ? ‘ആര് വന്നാലും എൽഡിഎഫ് ജയിക്കും’; വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്! appeared first on Express Kerala.



