ശബരിമല തീർത്ഥാടനത്തിന് ആദ്യദിനം ശുഭാരംഭം; നടയടക്കുന്നത് വരെ ദർശനം നടത്തിയത് 23,275 ഭക്തർ. തിരക്ക് നിയന്ത്രിക്കാൻ കർശന വെർച്വൽ ക്യൂ സംവിധാനവും പമ്പയിൽനിന്ന് നിയന്ത്രിത തീർത്ഥാടക പ്രവേശനവും. അപ്പം അരവണ സ്റ്റോക്ക് ഉറപ്പാക്കി ദേവസ്വം ബോർഡ്. തിരുപ്പതി മാതൃകയിലുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ നീക്കം. പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ അട്ടിമറി സംശയം

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ശുഭകരമായ തുടക്കം. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തി വിപുലമായ തയ്യാറെടുപ്പുകൾ ഫലം കണ്ടുവെന്ന സൂചനയാണ് തീർത്ഥാടനത്തിൻെറ ആദ്യ മണിക്കൂറുകളിൽ ലഭിക്കുന്നത്.
ആദ്യ ദിവസം നടയടക്കുമ്പോൾ 23275 അയ്യപ്പന്മാരാണ് ദർശന സായൂജ്യം നേടിയത്.വൃശ്ചികപ്പുലരിയിൽ അയ്യനെ കണ്ട് വണങ്ങാൻ ആയിരങ്ങളാണ് പമ്പയിലേക്കും സന്നിധാനത്തേക്കും എത്തിക്കൊണ്ടിരിക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വെർച്വൽ ക്യൂ സംവിധാനം അതീവ കർശനമാക്കിയിട്ടുണ്ട്.
ദിവസേന ദർശനം നടത്തുന്നവരുടെ എണ്ണത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ സാധിക്കുന്നുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മണിക്കൂറിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയാണ് പമ്പയിൽ നിന്നും കടത്തിവിടുന്നത്. ഇത് ക്യൂ കോംപ്ലക്സുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് തീർത്ഥാടന കാലത്ത് നടത്തിയ ഒരുക്കങ്ങളെ കുറിച്ച് തീർത്ഥാടകർക്ക് പൊതുവിൽ.മതിപ്പാണുളളത്.
അപ്പവും അരവണയും ഉൾപ്പെടെയുള്ള പ്രസാദങ്ങളുടെ മതിയായ സ്റ്റോക്കുകൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. തീർത്ഥാടകർക്കായി പ്രത്യേക പോർട്ടലുകളും ചാറ്റ്‌ബോട്ടുകളും അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങളും ക്രമീകരിച്ച് കഴിഞ്ഞിട്ടുണ്ട്.അപ്പം അരവണയുടെ സ്റ്റോക്ക് മതിയായ തോതിലുണ്ടെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ തന്നെ നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
80 ലക്ഷം ടിൻ അരവണയാണ് മണ്ഡല തീർത്ഥാടന കാലത്തേക്ക് വേണ്ടത്.50ലക്ഷം ടിൻ സ്റ്റോക്ക് ചെയ്താണ് ദേവസ്വം ബോർഡ് തീർത്ഥാടനകാലത്തേക്ക് കടന്നിരിക്കുന്നത്.നേരത്തെ അരവണയുടെ സ്റ്റോക്കിൽ മന്ത്രി ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഈ ആശങ്ക ഗുണം ചെയ്തെന്നാണ് മന്ത്രിയുടെ പ്രതികരണം.നിലയ്ക്കൽ-പമ്പ റൂട്ടിൽ കെ.എസ്.ആർ ടി.സി സർവീസുകൾക്കായി കൂടുതൽ ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിൽ റോഡ് നവീകരണ പ്രവർത്തനങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു.ഇതിലും തീർത്ഥാടകർ വലിയ സംതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
ചാലക്കയം – പമ്പ രോഡിൻെറ നവീകരണം റെക്കോഡ് വേഗത്തിലാണ് പൂർത്തിയായത്.പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും, ആരോഗ്യ സേവനങ്ങളുടെ ഭാഗമായി മെഡിക്കൽ എമർജൻസി യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ വിപുലമായ പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
വാഹനങ്ങളുടെ വരവ് തത്സമയം നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ഈ സീസണിന് ശേഷം തിരുപ്പതി മാതൃകയിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സീസൺ കഴിയുന്നതിന് തൊട്ടുപിന്നാലെ തന്നെ ഇതിനായുളള നടപടികൾ ആരംഭിക്കാനാണ് തീരുമാനം.എന്നാൽ, തീർത്ഥാടനകാലം അലങ്കോലപ്പെടുത്താൻ ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങളിൽ നിന്നുള്ള ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്ന ആശങ്കകൾ ശരിവെക്കുന്ന സംഭവങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തുന്ന രീതിയിൽ വാൽവുകൾ അടച്ചു വെച്ചിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തീർത്ഥാടകർക്ക് വലിയ പ്രയാസം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം അട്ടിനീക്കങ്ങൾ എതിരാളികളുടെ ഗൂഢ ശ്രമങ്ങളുടെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു.
ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. തീർത്ഥാടനകാലം സമാധാനപരമായി മുന്നോട്ടുപോകുന്നത് തടയാൻ സമാനമായ രീതിയിലുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാരും ദേവസ്വം ബോർഡും.അട്ടിമറി ശ്രമങ്ങളെയും കുപ്രചരണങ്ങളെയും തുടക്കത്തിൽ തന്നെ പ്രതിരോധിക്കാൻ കനത്ത ജാഗ്രതയിലാണ് അധികൃതർ.
സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇന്റലിജൻസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശുചിമുറികൾ, കുടിവെള്ള വിതരണം, അന്നദാന മണ്ഡപങ്ങൾ തുടങ്ങിയ ജനപ്രിയ മേഖലകളിൽ പ്രത്യേക സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്തർക്ക് സുരക്ഷിതവും ഭക്തിസാന്ദ്രവുമായ ഒരു തീർത്ഥാടന കാലം സമ്മാനിക്കാൻ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ ഗൂഢനീക്കങ്ങളോ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകുന്നത്.




