പിതാവിനെ മർദിച്ചതിൽ പ്രതിഷേധം; വാരണാസിയിൽ ദോശക്കട അടിച്ചുതകർത്ത് സഹോദരിമാർ | Varanasi dosa shop incident

വാരണാസി: പിതാവിനെ മർദിച്ചെന്നാരോപിച്ച് രണ്ട് സഹോദരിമാർ ദോശക്കടയിൽ അതിക്രമം നടത്തി (Varanasi dosa shop incident). വാരണാസിയിലെ ദോശക്കട ജീവനക്കാർ പിതാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു പെൺകുട്ടികളുടെ പ്രതിഷേധം. കടയിലെ പാത്രങ്ങൾ മറിച്ചിടുകയും ജീവനക്കാരന്റെ ദേഹത്ത് വെള്ളമൊഴിക്കുകയും ചെയ്ത ഇവർ കട പൂട്ടണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ നാലിനാണ് പെൺകുട്ടികളുടെ പിതാവും ദോശക്കടയിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് ജീവനക്കാർ പിതാവിനെ മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം ഭേലുപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് സഹോദരിമാർ ആരോപിക്കുന്നത്. ഇതോടെയാണ് ഇരുവരും കടയിലെത്തി പ്രതിഷേധിച്ചത്.
സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ സഹോദരിമാർ സ്കൂട്ടറിൽ കടയിലെത്തുന്നത് കാണാം. തുടർന്ന് ഒരാൾ കടയിലേക്ക് പാഞ്ഞുകയറി ജീവനക്കാരോട് തട്ടിക്കയറുകയും പിതാവിനെ മർദിച്ച കാര്യം വിളിച്ചുപറയുകയും ചെയ്തു. രണ്ടാമത്തെ സഹോദരി സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.
പിന്നാലെ കടയിലേക്ക് കയറിയ ആദ്യത്തെ പെൺകുട്ടി ദോശമാവ് സൂക്ഷിച്ചിരുന്ന പാത്രം മറിച്ചിടുകയും ജീവനക്കാരന്റെ ദേഹത്തേക്ക് വെള്ളമൊഴിക്കുകയും ചെയ്തു. കട അടച്ചുപൂട്ടണമെന്നും ഇവർ ജീവനക്കാരനോട് ആവശ്യപ്പെട്ടു.
പ്രതിഷേധം ശാന്തമാക്കാൻ ശ്രമിച്ച നാട്ടുകാരോടും പെൺകുട്ടികൾ തട്ടിക്കയറി. കുട്ടികൾ സമീപത്തുണ്ടെന്നും ബഹളമുണ്ടാക്കരുതെന്നും ഒരു പ്രദേശവാസി ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ പിന്നീട് മറ്റുള്ളവരും ഇടപെട്ടു. ഇതിനിടെ രണ്ടാമത്തെ പെൺകുട്ടിയുടെ കൈയിൽനിന്ന് ഫോൺ പിടിച്ചുവാങ്ങാൻ ഒരു സ്ത്രീ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം, ദോശക്കട ജീവനക്കാരന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എസിപി ഗൗരവ് കുമാർ അറിയിച്ചു.
Story Summary:
Two sisters allegedly vandalised a dosa shop in Varanasi, accusing its employees of assaulting their father. They claimed police had failed to act on the family’s complaint filed two weeks earlier. Police have registered a case based on the shop employee’s complaint and said an investigation is underway.




