Skip to content
November 17, 2026
⌕

നീതിക്കായുള്ള പോരാട്ടത്തിനൊപ്പം ജീവിതവും മുന്നോട്ട്; ‘ബാലേട്ടൻ ദോശക്കട’ വീണ്ടും തുറന്ന് ഭദ്രകീർത്തി | Bhadrakeerthi

November 16, 2026
Share this post to
Bhadrakeerthi

കൊച്ചി: നീതിക്കായുള്ള പോരാട്ടത്തിൽ തളരാതെ മുന്നേറുന്ന മകൾ ഭദ്രകീർത്തിയുടെ നിശ്ചയദാർഢ്യത്തിൽ ചിറ്റൂരിലെ ‘ബാലേട്ടൻ ദോശക്കട’ വീണ്ടും തുറന്നു (Bhadrakeerthi). ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ തട്ടുകടയാണ് മകൾ ഭദ്രകീർത്തിയും ഭാര്യ ബിന്ദുവും ചേർന്ന് തിങ്കളാഴ്ച വീണ്ടും തുറന്നത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജയബാലകൃഷ്ണന്റെ മരണത്തോടെ അടഞ്ഞുപോയ കട, അച്ഛന്റെ ഓർമകൾക്കൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഭദ്രകീർത്തി വീണ്ടും തുറന്നത്. നീതിക്കായുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് കുടുംബം ഉപജീവനമാർഗവും പുനരാരംഭിച്ചത്.

അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പതിനേഴുകാരനെയും പിതാവിനെയും സംരക്ഷിക്കാൻ പൊലീസും സംവിധാനങ്ങളും ശ്രമിച്ചെന്ന ആരോപണവുമായി ഭദ്രകീർത്തിയും കുടുംബവും രംഗത്തെത്തിയിരുന്നു. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ രാപ്പകലില്ലാതെ പ്രതിഷേധിച്ചാണ് കുടുംബം നീതിക്കായി പോരാടിയത്. നീതി ലഭിക്കേണ്ട കോടതിയിൽനിന്നുപോലും നിരാശപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടും പോരാട്ടം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഭദ്രകീർത്തി.

ഒക്ടോബർ 25നായിരുന്നു ചേരാനെല്ലൂരിൽ അപകടമുണ്ടായത്. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാർ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്ണനെ (55) ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണൻ മരിച്ചു.

Story Summary:
The ‘Balettan Dosakkada’ eatery in Chittoor has reopened, with Jayabalakrishnan’s daughter Bhadrakeerthi and wife Bindu taking charge. Jayabalakrishnan was killed when a Mercedes driven by a 17-year-old allegedly hit his scooter in Cheranelloor. The family continues its fight for justice while rebuilding its livelihood.

Get more updates from Pudukad News on Google