Skip to content
November 17, 2026
⌕

തായ്‌ലൻഡിലെ ഫുക്കറ്റിൽ വൻ തീപിടിത്തം; 11 മരണം, 16 പേർക്ക് പരിക്ക് | Phuket Fire

November 16, 2026
Share this post to
Phuket Fire

ബാങ്കോക്ക്: തായ്‌ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് ദ്വീപിലെ പാതോംഗിൽ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 3.17ഓടെയാണ് തീപിടിത്തമുണ്ടായത്.

റസ്റ്റോറന്റ്, വാടക മുറികൾ, മോട്ടോർ സൈക്കിൾ വാടകയ്ക്ക് നൽകുന്ന കട എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. പിന്നീട് സമീപത്തെ നിരവധി കെട്ടിടങ്ങളിലേക്കും തീ ആളിപ്പടർന്നു. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണെന്ന് ഫുക്കറ്റ് പൊലീസ് കമാൻഡർ സുരചൈ സൂക്സായ് അറിയിച്ചു.

തീപിടിത്തത്തിന് തൊട്ടുമുമ്പ് കെട്ടിടത്തിന് സമീപത്തെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മോട്ടോർ സൈക്കിൾ വാടകയ്ക്ക് നൽകുന്ന കടയിൽ നൂറോളം ബൈക്കുകൾക്കു പുറമേ പാചകവാതകം, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവയും സൂക്ഷിച്ചിരുന്നതായി ഫുക്കറ്റ് ഗവർണർ ചോഡ്നറിൻ കോഡ്സോം പറഞ്ഞു.

എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിധ്യമാണ് തീ അതിവേഗം പടരാനും കട്ടിയുള്ള വിഷപ്പുക ഉയരാനും കാരണമായതെന്ന് ഗവർണർ വ്യക്തമാക്കി.

പരിക്കേറ്റ 16 പേരിൽ 15 പേർ തായ്‌ലൻഡ് സ്വദേശികളും ഒരാൾ മ്യാൻമർ പൗരനുമാണ്. മരിച്ചവരിലും പരിക്കേറ്റവരിലും വിനോദസഞ്ചാരികൾ ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ജൂലൈയിൽ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ തിരക്കേറിയ ബാറിലുണ്ടായ ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിൽ 40ഓളം പേർ മരിച്ചിരുന്നു.

Summary:
A fire at a commercial building in Patong, Phuket, Thailand, has killed 11 people and injured 16 others. Investigators are examining a possible electrical transformer explosion, while flammable materials stored in the building may have contributed to the rapid spread of the fire.

Get more updates from Pudukad News on Google