Skip to content
November 19, 2026
⌕

ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷം ബ്രിട്ടനിലേക്കും വ്യാപിക്കുന്നു. ലണ്ടനിൽ അവാമി ലീഗ്-എൻ.സി.പി പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ അഞ്ച് പേർക്ക് പരിക്ക്. നാഷണൽ സിറ്റിസൺ പാർട്ടി അധ്യക്ഷൻ നഹീദ് ഇസ്ലാമിന് നൽകിയ സ്വീകരണത്തിനിടെയാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്

November 17, 2026
Share this post to

ലണ്ടൻ: ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷം ബ്രിട്ടനിലേക്കും വ്യാപിക്കുന്നു. നാഷണൽ സിറ്റിസൺ പാർട്ടി (NCP) അധ്യക്ഷൻ നഹീദ് ഇസ്ലാമിന് സ്വീകരണം നൽകുന്നതിനിടെ ലണ്ടനിലെ റോംഫോർഡിൽ അവാമി ലീഗ് പ്രവർത്തകരും എൻ.സി.പി അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. 

തിങ്കളാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് ബംഗ്ലാദേശി മാധ്യമങ്ങളായ ധാക്ക ട്രിബ്യൂൺ, പ്രഥം ആലോ എന്നിവ റിപ്പോർട്ട് ചെയ്യുന്നത്.

സ്ഥിതിഗതികൾ വഷളായതോടെ നഹീദ് ഇസ്ലാമിന് വേദിയിൽ നിന്ന് പെട്ടെന്ന് മടങ്ങേണ്ടിവന്നു. ഒടുവിൽ ലണ്ടൻ പോലീസ് പലതവണ ലാത്തിവീശിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്.

ബംഗ്ലാദേശ് പാർലമെന്റിലെ ധാക്ക-11 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നഹീദ് ഇസ്ലാമിന് ബ്രിട്ടനിലെ ബംഗ്ലാദേശി സമൂഹമാണ് ഈസ്റ്റ് ലണ്ടനിലെ റോംഫോർഡിലുള്ള മേയ്ഫെയർ ഹാളിൽ സ്വീകരണം സംഘടിപ്പിച്ചത്.

പരിപാടി നടക്കുന്നതിനിടെ ഹാളിന് പുറത്ത് സംഘടിച്ചെത്തിയ അവാമി ലീഗ് പ്രവർത്തകർ, സ്വീകരണത്തിനെത്തിയവർക്കുനേരെ മുട്ടയും വെള്ളക്കുപ്പികളും എറിയുകയും അതിഥികളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തതായി ദൃക്സാക്ഷികളും സംഘാടകരും പറഞ്ഞു.

പരിപാടി അവസാനിച്ചതോടെ ഹാളിന് പിന്നിലെ റോഡിൽ ഇരുവിഭാഗവും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. ഏകദേശം 20 മിനിറ്റോളം തെരുവ് യുദ്ധം നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ.

സംഘർഷത്തിൽ പരിക്കേറ്റവരെ ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രി ഉൾപ്പെടെയുള്ള സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കണമെന്ന് നഹീദ് ഇസ്ലാം ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫാസിസ്റ്റ് രാഷ്ട്രീയ ശക്തിയെന്ന് താൻ വിശേഷിപ്പിച്ച അവാമി ലീഗുമായി ബന്ധപ്പെട്ടവർ വിദേശരാജ്യങ്ങളിൽപ്പോലും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നഹീദ് ഇസ്ലാമിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെ അവാമി ലീഗ് അനുകൂലികളുമായി സംഘർഷമുണ്ടാകുന്നത് ഇതാദ്യമല്ല. നവംബർ 14 ശനിയാഴ്ച കേംബ്രിഡ്ജ് സർവകലാശാലയിൽ ബംഗാളി സൊസൈറ്റി സംഘടിപ്പിച്ച പരിപാടിക്ക് പുറത്തും നഹീദിനെ തടസ്സപ്പെടുത്താൻ ശ്രമം നടന്നിരുന്നു.

കൂടാതെ, ഈ വർഷം ജൂണിൽ എൻ.സി.പി നേതാവും എം.പിയുമായ ഹസ്‌നത്ത് അബ്ദുള്ളയുടെ ഈസ്റ്റ് ലണ്ടൻ സന്ദർശനത്തിനിടെയും സമാനമായ പ്രതിഷേധവും മുട്ടയേറും ഉണ്ടായിരുന്നു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ശക്തമാകുന്നതിനിടെയാണ് ബ്രിട്ടനിലും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

Get more updates from Pudukad News on Google