ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറിയ 12 പേർക്ക് പിഴയിട്ടത് 36,000 രൂപ ! യന്ത്രവാതിലുകൾ അടഞ്ഞതോടെ വന്നവരെല്ലാം ട്രെയിനിൽ കുടുങ്ങി. ഒടുവിൽ സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി പുറത്തിറക്കി. പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാതെയാണ് സംഘം സ്റ്റേഷനിൽ പ്രവേശിച്ചതെന്ന് റെയിൽവേ പോലീസ്

ലഖ്‌നൗ: റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ യാത്രയാക്കാനായി എത്തിയ 12 അംഗ സംഘം വന്ദേഭാരത് എക്സ്പ്രസിൽ കുടുങ്ങി; ഒടുവിൽ 36,000 രൂപ പിഴയടച്ച് പുറത്തിറങ്ങി.
ഉത്തർപ്രദേശിലെ കാൺപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. രാവിലെ 9.26-ന് സ്റ്റേഷനിൽ എത്തിയ വന്ദേഭാരത് എക്സ്പ്രസിൽ ബന്ധുവിനെ യാത്രയാക്കാനും ലഗേജുകൾ എടുത്തുവെക്കാനുമായാണ് 12 പേർ ട്രെയിനിനുള്ളിൽ കയറിയത്.
കൃത്യം നാല് മിനിറ്റിന് ശേഷം, 9.30-ന് ട്രെയിൻ പുറപ്പെട്ടതോടെ ഇവർക്ക് തിരിച്ചിറങ്ങാൻ സാധിച്ചില്ല. വന്ദേഭാരതിലെ താനേ അടയുന്ന യന്ത്രവാതിലുകൾ (Automatic doors) അടഞ്ഞതോടെ സംഘം ട്രെയിനിനുള്ളിൽ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയായിരുന്നു.
ഇതോടെ ഇവർ ട്രെയിനിനുള്ളിൽ ബഹളം വെക്കുകയും വാതിലുകൾ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ട്രെയിൻ നല്ല വേഗത കൈവരിച്ചിരുന്നു.
ഒടുവിൽ റെയിൽവേ അധികൃതർ ഇടപെട്ട് വന്ദേഭാരതിന് സ്റ്റോപ്പില്ലാത്ത ഇറ്റാവ സ്റ്റേഷനിൽ രാവിലെ 10.50-ഓടെ ട്രെയിൻ നിർത്തി 12 പേരെയും പുറത്തിറക്കുകയായിരുന്നു.
തുടർന്ന് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ, ഇവർ പ്ലാറ്റ്‌ഫോം ടിക്കറ്റ് പോലുമെടുക്കാതെയാണ് സ്റ്റേഷനിൽ പ്രവേശിച്ചതെന്ന് കണ്ടെത്തി.
യാത്രാ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ സ്റ്റേഷനിൽ കയറിയതിനും വന്ദേഭാരതിൽ അനധികൃതമായി യാത്ര ചെയ്തതിനും ഓരോരുത്തർക്കും 3,000 രൂപ വീതം, ആകെ 36,000 രൂപ റെയിൽവേ പിഴയിട്ടു.
പിഴത്തുക പൂർണ്ണമായും അടച്ച ശേഷമാണ്, ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്ന കർശന താക്കീതോടെ പോലീസ് ഇവരെ വിട്ടയച്ചത്.




