Skip to content
November 19, 2026
⌕

‘ജീവിതാവസാനം വരെ നീതിക്കായി പോരാടേണ്ടി വരുന്നു, ഈ അവസ്ഥ ആർക്കും ഉണ്ടാകരുത്’: ബിൽകിസ് ബാനു നീതിയിലുള്ള വിശ്വാസം വീണ്ടും നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്

November 17, 2026
Share this post to

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചതിൽ നടുക്കവും ഞെട്ടലും രേഖപ്പെടുത്തി ബിൽകിസ് ബാനു. തന്നെ അറിയിക്കുകയോ തന്റെ വാദം കേൾക്കുകയോ ചെയ്യാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ബിൽകിസ് ബാനു പറഞ്ഞു. 


അഭിഭാഷകയായ ശോഭ ഗുപ്ത വഴി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമ വാർത്തകളിലൂടെയാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും തന്നെ കേൾക്കാൻ കോടതി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു.


“എന്നെ അറിയിക്കാതെയും എന്റെ ഭാഗം കേൾക്കാതെയും രണ്ടാമതും സുപ്രീം കോടതിയിൽ നിന്ന് ഒരു ഉത്തരവ് വന്നിരിക്കുന്നു എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല,” ബിൽകിസ് ബാനു പറഞ്ഞു.


2002-ലെ കലാപം തന്റെ ജീവിതവും കുടുംബവും സുരക്ഷിതത്വവും തകർത്തെറിയുമ്പോൾ തനിക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായമെന്ന് അവർ ഓർത്തെടുത്തു. 


24 വർഷത്തോളമായി നീതിക്കായി നടത്തുന്ന നിയമപോരാട്ടത്തിൽ പലതവണ ജനങ്ങളുടെ പിന്തുണയോടെയാണ് താൻ മുന്നോട്ട് പോയത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ജീവിതം പതിയെ കെട്ടിപ്പടുത്ത് സമാധാനം കണ്ടെത്തിവരുന്നതിനിടയിലാണ് ഈ പുതിയ ഉത്തരവ് പഴയ ഭയങ്ങളെല്ലാം തിരികെ കൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google