Skip to content
November 19, 2026
⌕

ആ പരാമര്‍ശം അസിത സഹീറിനെക്കുറിച്ചല്ല. വ്യക്തത വരുത്തി ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍; പിതാവിന്റെ ചികിത്സയ്ക്കായി പലിശരഹിത വായ്പ വാങ്ങി സ്ഥാപനം വിട്ടുപോയത് മറ്റൊരു പുരുഷ അവതാരകന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തള്ളി വിശദീകരണവുമായി രംഗത്ത്

November 18, 2026
Share this post to

കൊച്ചി: അത് അസിത സഹീര്‍ അല്ല ! ഇന്നല മോണിങ് ഷോയില്‍ നടത്തിയ പരാമര്‍ശത്തില്‍ പുലിവാല് പിടിച്ചതോടെ വ്യക്തത വരുത്തി ട്വന്റി ഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍.

പിതാവിന്റെ ചികിത്സാര്‍ത്ഥം രണ്ടര ലക്ഷം രൂപ പലിശരഹിത വായ്പയായി വാങ്ങിയ ശേഷം, രാജി വെക്കുമ്പോള്‍ ഒരു വാക്കുപോലും പറയാതെ സ്ഥാപനം വിട്ടുപോയ അവതാരകനെക്കുറിച്ചുള്ള മുന്‍ പരാമര്‍ശത്തിലാണ് ശ്രീകണ്ഠന്‍ നായര്‍ വ്യക്തത വരുത്തിയത്.

പരാമര്‍ശം അടുത്തിടെ ചാനല്‍ വിട്ട വാര്‍ത്താ അവതാരക അസിത സഹീറിനെ ഉദ്ദേശിച്ചായിരുന്നില്ലെന്നും, മറിച്ച് മറ്റൊരു പുരുഷ അവതാരകനെക്കുറിച്ചായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 


വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് ഇന്നത്തെ പ്രഭാത പരിപാടിയിലാണ് ശ്രീകണ്ഠന്‍ നായര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ ചാനലിലെ ഒരു പരിപാടിക്കിടെ ശ്രീകണ്ഠന്‍ നായര്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും വഴിവെച്ചത്. 


പിതാവിന് അസുഖമാണെന്ന് പറഞ്ഞ് സ്ഥാപനത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപ വാങ്ങിയ ഒരു അവതാരകന്‍, പിന്നീട് രാജി വെച്ചപ്പോള്‍ തന്നോട് ഒരു വാക്ക് പോലും പറയാതെ പോയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ, ചാനലില്‍ നിന്ന് അടുത്തിടെ രാജി വെച്ച അസിത സഹീറിനെ ഉദ്ദേശിച്ചാണ് ശ്രീകണ്ഠന്‍ നായര്‍ ഇത് പറഞ്ഞതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നു. 

ഇതിനെത്തുടര്‍ന്ന് അസിതയ്ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനോട് ശക്തമായി പ്രതികരിച്ച അസിതാ സഹീര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് തക്ക മറുപടിയും കൊടുത്തു. 


ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി രംഗത്തെത്താന്‍ ശ്രീകണ്ഠന്‍ നായര്‍ നിര്‍ബന്ധിതനായത്. താന്‍ പരാമര്‍ശിച്ചത് അസിത സഹീറിനെക്കുറിച്ചല്ലെന്നും, അത് ഒരു പുരുഷ അവതാരകനാണെന്നും അദ്ദേഹം വ്യക്തമാക്കി. അസിത സ്ഥാപനത്തില്‍ നിന്ന് യാതൊരുവിധ ലോണും എടുത്തിട്ടില്ല. വളരെ മാന്യമായാണ് അവര്‍ ചാനലില്‍ നിന്ന് പടിയിറങ്ങിയത്.


പലിശയ്ക്ക് വായ്പയെടുത്താണ് പല സ്ഥാപനങ്ങളും മുന്നോട്ട് പോകുന്നത്. എന്നിരുന്നാലും, ജീവനക്കാരുടെ ചികിത്സ പോലുള്ള അടിയന്തിര സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പലിശരഹിത വായ്പകള്‍ നല്‍കുന്നത്.

കഴിഞ്ഞ എട്ട് പത്ത് മാസത്തിനിടെ ന്യൂസ് വിഭാഗത്തില്‍ നിന്ന് ആറോളം പേര്‍ ഇത്തരത്തില്‍ പലിശരഹിത വായ്പ വാങ്ങിയ ശേഷം പറയാതെ പോയിട്ടുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ സ്വാഭാവികമായും പ്രയാസം തോന്നും.

വിവാദമായ പരാമര്‍ശം തന്നെ ഉദ്ദേശിച്ചല്ലെന്ന് ഏറ്റവും നന്നായി അറിയുന്നത് അസിതയ്ക്ക് തന്നെയാണ് എന്നും ശ്രീകണ്ഠന്‍  നായര്‍ വിശദീകരിച്ചു.


എട്ട് മാസം മുന്‍പ് സ്ഥാപനത്തില്‍ വരുമ്പോള്‍ തന്നെ ഈ സംഭവത്തെക്കുറിച്ച് കേട്ടിരുന്നുവെന്ന് അസിത പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വെണ്ണലയിലെ കോര്‍പ്പറേറ്റ് ഓഫീസിലെത്തി അസിത തന്നെ നേരില്‍ കണ്ട് യാത്ര പറഞ്ഞിരുന്നു. അസിത രാജിവച്ചു പോകുമ്പോള്‍ താന്‍ ടൂറിലായിരുന്നതു കൊണ്ട് കാണാന്‍ പറ്റിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്നലെ വിളിച്ച് കാണണമെന്ന് പറയുകയും വരാന്‍ ക്ഷണിക്കുകയും ചെയ്തു.


വളരെ സൗഹൃദത്തോടെയാണ് അസിത സംസാരിച്ചത്. അസിതയുടെ   വിഷമങ്ങള്‍ അവര്‍ പങ്കുവെച്ചു. മൂന്ന് പ്രധാന ചാനലുകളില്‍ നിന്ന് തനിക്ക് അവസരം ലഭിച്ചതായും, അതിന് കാരണം ട്വന്റിഫോറില്‍ ലഭിച്ച അവസരമാണെന്നും അസിത തന്നോട് പറഞ്ഞതായി ശ്രീകണ്ഠന്‍ നായര്‍ അവകാശപ്പെട്ടു.

തന്നെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്ന് അസിത പറഞ്ഞതായി ശ്രീകണ്ഠന്‍ നായര്‍ വിശദീകരിച്ചു. ഒരു പിതാവിന്റെ ഉയരത്തില്‍ നിന്ന് കൊണ്ട് അസിതയോട് പറയാനുള്ളത്, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം ഗോഗ്വാ വിളികളൊന്നും ശ്രദ്ധിക്കാതെ സ്വന്തം കര്‍മ്മമേഖലയില്‍ ശക്തമായി മുന്നോട്ട് പോകാനാണെന്ന് അദ്ദേഹം പറഞ്ഞു.


അസിതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുകയാണെന്നും, ഇനി ഈ വിഷയത്തില്‍ യാതൊരു പ്രതികരണത്തിനും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നാട്ടില്‍ നിന്ന് 6 കിലോമീറ്റര്‍ നടന്നാല്‍ എത്തുന്ന ദൂരത്താണ് അസിതയുടെ വീടെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. 


സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളൊന്നും പ്രേക്ഷകര്‍ വലിയതായി ശ്രദ്ധിക്കരുത്’ എന്ന അഭ്യര്‍ത്ഥനയോടെയാണ് ശ്രീകണ്ഠന്‍ നായര്‍ തന്റെ വിശദീകരണം അവസാനിപ്പിച്ചത്. 

വിവാദത്തില്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും വലിയ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് ശ്രീകണ്ഠന്‍ നായര്‍ സമയം എടുത്ത് വിശദീകരണം നല്‍കാന്‍ തയ്യാറായത്. 

 

Get more updates from Pudukad News on Google