Skip to content
November 19, 2026
⌕

പക്ഷിപ്പനിക്കെതിരെ തദ്ദേശീയമായി വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. നവംബർ 20-ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജ്യത്തിന് സമർപ്പിക്കും. എച്ച്5 എൻ1 വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചത് ഭോപ്പാലിലെ ഐ.സി.എ.ആർ സ്ഥാപനം. പൗൾട്രി മേഖലയ്ക്ക് വലിയ ആശ്വാസമാകും

November 18, 2026
Share this post to

ഭോപ്പാൽ: പക്ഷിപ്പനിക്കെതിരെ തദ്ദേശീയമായി വാക്സിൻ വികസിപ്പിച്ച് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചു. രാജ്യത്തെ പൗൾട്രി മേഖലയ്ക്ക് വലിയ സുരക്ഷാകവചമാകുന്ന വാക്സിൻ നവംബർ 20-ന് രാജ്യത്തിന് സമർപ്പിക്കും. ഭോപ്പാലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് വാക്സിൻ സമർപ്പണം നിർവഹിക്കുക.

ഭോപ്പാൽ ആസ്ഥാനമായുള്ള ഐ.സി.എ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് (ICAR-NIHSAD) ആണ് എച്ച്5 എൻ1 (H5N1) വൈറസിനെതിരായ ഈ വാക്സിൻ ഗവേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്.

രാജ്യത്ത് പക്ഷിപ്പനി വീണ്ടും ആശങ്കയാവുകയും കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നേട്ടം. അടുത്തിടെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും പക്ഷിപ്പനി പടർന്നുപിടിച്ചത് കോഴിവളർത്തൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു.

തമിഴ്‌നാട്ടിലെ കടലൂരിൽ അരലക്ഷത്തോളം കോഴികൾ ചാവുകയും, രോഗബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള നാൽപ്പതിനായിരത്തോളം കോഴികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ആന്ധ്രയിലെ അനന്തപൂർ ജില്ലയിലും രോഗം വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.

2025-ൽ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ചത് കർഷകരെ വൻ പ്രതിസന്ധിയിലാക്കിയിരുന്നു.

രോഗബാധ മൂലം കോഴികൾ ചാകുന്നതും പ്രതിരോധ നടപടികളുടെ ഭാഗമായി കൊന്നൊടുക്കുന്നതും കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ വാക്സിനേഷൻ കർഷകർക്ക് മികച്ചൊരു പ്രതിരോധമായി മാറും.

പക്ഷികളെ ബാധിക്കുന്ന രോഗമാണെങ്കിലും, അപൂർവമായി എച്ച്5 എൻ1 വൈറസ് മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനാരോഗ്യ രംഗത്തും ഈ വാക്സിൻ നിർണ്ണായകമാകും.

വാക്സിൻ എപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകും എന്നതടക്കം വില, ഉപയോഗരീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

 

 

 

 

Get more updates from Pudukad News on Google