Skip to content
November 19, 2026
⌕

300 ഡിഗ്രി ചൂടിലും സുരക്ഷ; വി-ഗാർഡ് കൂൾ വയറുകൾ വിപണിയിൽ അവതരിപ്പിച്ചു | V-Guard Cool Wires

November 18, 2026
Share this post to
V-Guard Cool Wires,

കൊച്ചി: നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിച്ച കൂൾ വയറുകൾ വിപണിയിൽ അവതരിപ്പിച്ച് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കൂടുതൽ താപപ്രതിരോധശേഷി, ദീർഘകാല ഈട്, അമിതമായി ചൂടാകുന്നത് തടയാനുള്ള ശേഷി എന്നിവ ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ വയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സീറോ ഹാലജൻ ലോ സ്മോക്ക് (ZHLS) വിഭാഗത്തിൽ സി.ഐ.ഐ ഗ്രീൻ പ്രോഡക്ട്സ് ആൻഡ് സർവീസസ് കൗൺസിലിന്റെ ഗ്രീൻപ്രോ ഇക്കോ ലേബൽ ടൈപ്പ് 1 അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ വയറുകളെന്ന പ്രത്യേകതയും കൂൾ വയറുകൾക്കുണ്ടെന്ന് കമ്പനി അറിയിച്ചു.

ട്രിപ്പിൾ ലെയർ ഇൻസുലേഷൻ, കോപ്പർ എൻജിനീയറിങ്, ഇക്കോ എൻജിനീയറിങ് എന്നീ സാങ്കേതിക മികവുകൾ സംയോജിപ്പിച്ച വി-ഗാർഡിന്റെ ICE 300 എൻജിനീയറിങ് സാങ്കേതികവിദ്യയിലാണ് കൂൾ വയറുകൾ വികസിപ്പിച്ചിരിക്കുന്നത്. 300 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലും തീപിടിക്കാതെ സുരക്ഷ ഉറപ്പാക്കാൻ ഇവയ്ക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സാധാരണ വയറുകളെ അപേക്ഷിച്ച് 75 ശതമാനം കൂടുതൽ വൈദ്യുതി കടത്തിവിടാനും സാധിക്കും.

ഈർപ്പം, ചിതൽ എന്നിവയിൽനിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം ദീർഘകാല ഈടും പുതിയ വയറുകൾ വാഗ്ദാനം ചെയ്യുന്നു. RoHS, REACH തുടങ്ങിയ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവയുടെ നിർമാണം. ഉൽപ്പാദനത്തിനാവശ്യമായ സാമഗ്രികളുടെ തിരഞ്ഞെടുപ്പിലും നിർമാണ രീതികളിലും പരിസ്ഥിതി ആഘാതവും കാർബൺ പുറന്തള്ളലും കുറയ്ക്കുന്നതിനും കമ്പനി ശ്രദ്ധ നൽകിയിട്ടുണ്ട്.

പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഹൗസ് വയറിങ് മേഖലയിൽ നൂതന സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദ സമീപനവും ഒരുമിപ്പിക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ് നടത്തിയതെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഉയർന്ന പ്രകടനവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തവും പരിഗണിച്ചുള്ള ഉൽപ്പന്ന വികസനമാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഉപഭോക്താക്കളുടെ സുരക്ഷയിലും ഗുണനിലവാരത്തിലുമുള്ള വിശ്വാസം കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ ഉൽപ്പന്നങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ മിഥുൻ കെ. ചിറ്റിലപ്പിള്ളിയാണ് കൂൾ വയറുകൾ വിപണിയിൽ അവതരിപ്പിച്ചത്. മാർക്കറ്റിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിൻ, ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് നന്ദഗോപാൽ നായർ, വയേഴ്സ് നാഷണൽ പ്രോഡക്ട് ഹെഡ് ജയേഷ് കെ.ജെ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലും കർണാടകയിലുമുള്ള വി-ഗാർഡിന്റെ പ്രധാന ഡീലർമാർ വഴി കൂൾ വയറുകൾ ലഭ്യമാകും.

Story Summary:
V-Guard Industries has launched its new Cool Wires, featuring advanced ICE 300 engineering technology for enhanced heat resistance, durability and electrical performance. The wires are claimed to withstand temperatures up to 300°C and offer 75% higher current-carrying capacity than conventional wires.

Get more updates from Pudukad News on Google